മാണിയെ എല്‍ഡിഎഫിന് വേണ്ട; ബിജെപിക്കൊപ്പം കേരള കോണ്‍ഗ്രസ് കൂട്ടുകൂടിയാല്‍ മാണിക്കും മകനും വെള്ളാപ്പള്ളിയുടെ അവസ്ഥ വരുമെന്ന് കോടിയേരി

01trmkm02-kodiy

തിരുവനന്തപുരം: കെഎം മാണിക്ക് മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കൊപ്പം കേരള കോണ്‍ഗ്രസ് കൂട്ടുകൂടിയാല്‍ മാണിക്കും മകനും വെള്ളാപ്പള്ളിയുടെ അവസ്ഥ വരുമെന്ന് കോടിയേരി പറഞ്ഞു.

കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ ആ മുന്നണി ശിഥിലീകരിക്കപ്പെടുകയാണ്. ജനതാദള്‍ അടക്കമുള്ള മറ്റ് ഘടകകക്ഷികളും വൈകാതെ ഈ വഴി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ എന്ന് മറ്റ് പാര്‍ട്ടികളും ആത്മ പരിശോധന നടത്തണം. യുഡിഎഫിന്റെ ജീര്‍ണ്ണതയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് നേരത്തെ തന്നെ അവിടെയുള്ള ഘടകകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി പരിഗണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം മാണിക്ക് അംഗീകരിക്കാനാവില്ല. മുസ്ലിം, കൃസത്യന്‍ മതവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളാണ് ആര്‍എസ്എസിന്റെ എതിരാളികളെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം എന്നതാണ് സിപിഐഎം നിലപാട്. ബാര്‍ കോഴക്കേസില്‍ കോഴ വാങ്ങിയ ആരായാലും വെള്ളം കുടിക്കും. മാണിയോടുള്ള നിലപാട് മാറ്റില്ല. എല്‍ഡിഎഫില്‍ കെഎം മാണിയെ എടുക്കില്ല. അങ്ങനെയൊരു ഉദ്ദേശം രാഷ്ട്രീയ അജണ്ടയിലില്ല. കോണ്‍ഗ്രസിന്റെ കൂടെക്കൂടി എല്ലാവരും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടുവെന്നും കോടിയേരി പറഞ്ഞു.

Top