
കൊച്ചി: എറണാകുളത്ത് സിപിഐ-സിപിഎം സംഘർഷം!! രണ്ടുപേർക്ക് വെട്ടേറ്റു.സിപിഎം വിട്ട് സിപിഐയിൽ ചേർന്നവർക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു. അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും അക്രമികളെത്തി മർദ്ദിച്ചതായും സിപിഐ നേതാക്കൾ പറയുന്നു.
ഇവിടെ ഒരു മാസം മുമ്പ് സിപിഎമ്മിൽ നിന്ന് നാൽപ്പതോളം പേർ സിപിഐയിൽ ചേർന്നിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെയാണ് തർക്കം തുടങ്ങിയത്. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ചു തകർത്തു. പ്രവർത്തകരെ മർദ്ദിച്ചുവെന്നും സിപിഐ നേതാക്കൾ പറയുന്നു.
സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘർഷത്തിൽ തകർത്തു. അക്രമികൾ വാളുമായി അങ്കമാലി ആശുപത്രിയിലെത്തിയും അക്രമിക്കാൻ ശ്രമിച്ചതായും പരിക്കേറ്റവർ പറയുന്നു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.