മന്ത്രി മണിയുടെ സഹോദരന്‍ വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടത്തിയതിന് തെളിവ്; ലംമ്പോദരന്‍ ഇടുക്കിയിലെ രാജാവായി വാഴുന്നതിങ്ങനെ

ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന് ഇടുക്കിയില്‍ നൂറ് കണക്കിന് ഏക്കര്‍ കയ്യേറ്റ ഭൂമിയുണ്ടെന്ന തെളിവുകള്‍ പുറത്ത്. മൂന്നാറിലെ രാജാവായി വിലസുകയാണ് ലംബോദരന്‍. പാര്‍ട്ടിയിലെ എതിരില്ലാത്ത ശബ്ദമായ മണിയുടെ തണലിലാണ് ഇതെല്ലാം നടക്കുന്നതെന്നാണ് ആക്ഷേപം. മന്ത്രി മണിയുടെ സഹോദരന്റെ കയ്യേറ്റത്തെക്കുറിച്ച് മുന്‍ മൂന്നാര്‍ ദൗത്യസംഘത്തിലെ തലവന്‍ സുരേഷ് കുമാറും വ്യക്തമാക്കിയിരുന്നു.

‘മണി ആശാനെ… നിങ്ങളെ എനിഷ്ടക്കിഷ്ടമായിരിന്നു……. ഒന്നാം മൂന്നാര്‍ ഓപ്പറേഷനില്‍ ആശാന്‍ പറഞ്ഞ കയ്യേറ്റങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മള്‍ ഒഴിപ്പിചില്ലേ .. .. മണി ആശാന്‍ പറഞ്ഞ സ്ഥലങ്ങള്‍ എല്ലാംനമ്മള്‍ പൊളിച്ചില്ലേ. …….അങ്ങയുടെ അനിയന്‍ ലംമ്പോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം .. ആശാനെ നാട്ടു ഭാഷയില്‍ പ്രസങ്ങിച്ചാല്‍ മാത്രം ലാളിത്യം ആവില്ല ജീവിതം … നിങ്ങള്‍ വെറും ആശാന്‍ അല്ല നിങ്ങള്‍ ഒരു സംഭവം തന്നെ ആണ് … എല്ലാര്‍ക്കും എല്ലാം അറിയാം…… ആളുകളെ വെറും പൊട്ടന്‍ ആക്കരുത് .. ദയവു ചെയ്തു ….’ ഇതായിരുന്നു സുരേഷിന്റെ പോസ്റ്റ്.
ലംബോദരന്റെ പേരില്‍ ജില്ലയുടെ വിവിധഭാഗത്ത് വന്‍ തോതില്‍ കയ്യേറ്റം നടന്നതായാണ് വിവരം. ചിന്നക്കനാല്‍ വേണാട്ട് 18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലത്തോട്ടം സ്ഥാപിച്ചു , ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ 90 സെന്റ് പട്ടയത്തിന്റെ മറവില്‍ 11 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. ഇത് വ്യാജരേഖയാണെന്നും വിവരമുണ്ട്. ബൈസന്‍ വാലി പഞ്ചായത്തില്‍ ചൊക്രമുടിയില്‍ 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി 50 ഏക്കറില്‍ യൂക്കാലി നട്ടുപിടിപ്പിച്ചു. ബൈസന്‍ വാലി 20 ഏക്കര്‍ എന്ന സ്ഥലത്ത് 80 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലത്തോട്ടം നിര്‍മ്മിച്ചതായുമുള്ള വിശദാംശങ്ങളുമാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈസന്‍വാലി 20 ഏക്കര്‍ എന്ന സ്ഥലത്ത് 50 സെന്റില്‍ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംമ്പോദരന്‍ പണിതുയര്‍ത്തിയിരിക്കുന്നത്. വീട്ടില്‍ സ്വിമ്മിംങ് പൂള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. ലംമ്പോദരന്റെ വീട്ടിലേക്ക് പോകുന്ന പോക്കറ്റ് റോഡിന് മുന്നിലായി എസ്.ഐ അടങ്ങുന്ന പൊലീസ് സംഘം വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എല്‍ 58 1212 നമ്പര്‍ ബെന്‍സും ലാന്‍സറും ഉള്‍പ്പടെ ആറ് ആഡംബര കാറുകള്‍ ലംമ്പോദരന്റെ പേരിലുണ്ട്. പുലരി എന്റെര്‍പ്രൈസസ് എന്ന പേരില്‍ വളം- കീടനാശിനി വില്‍പ്പന നടത്തുന്ന സ്ഥാപനവും ലംമ്പോദരന്റെ സ്വന്തമാണ്. ഈ സ്ഥാപനം ലംമ്പോദരന്റെ മക്കളാണ് നടത്തുന്നത്.

രാജക്കാട് മുക്കുടിലില്‍ 50 ഏക്കര്‍ ഏലത്തോട്ടം ലംമ്പോദരന്റെ പേരിലുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ സംരക്ഷണയിലാണ് ഈ സ്ഥലം. എസ്റ്റേറ്റില്‍ ഏല കൃഷിയാണ് ചെയ്യുന്നത്. എസ്റ്റേറ്റിനുള്ളില്‍ എസ്റ്റേറ്റ് ബംഗ്ലാവും പാടിയും കാണാനായി (തൊഴിലാളികള്‍ക്കുള്ള താമസ സ്ഥലം). എംഎം ലമ്പോദരന്റെ അളിയന്‍ (ഭാര്യ സഹോദരന്‍) സുരേന്ദ്രന്‍ പുല്ലംപ്ലാക്കന്റെ ഭാര്യ ഷൈലജ സുരേന്ദ്രന്‍ ബൈസന്‍വാലി ചൊക്രമുടിയില്‍ 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അതില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളതായാണ് വിവരം. ഷൈലജ സുരേന്ദ്രന്‍ മഹിള അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടരിയാണ്. ഈ പ്രദേശത്തേക്ക് അധികമാര്‍ക്കും പ്രവേശിക്കാനാവില്ലെന്നാണ് വിവരം.

1980-85 കാലഘട്ടത്തില്‍ സി.പി.എം രാജാക്കാട് ഏരിയാ സെക്രട്ടറിയും ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരന്‍. 1998 2000 കാലയളവില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നു. പിന്നീട് ഗോഗുലം ഗോപാലന്റെ കൂടെ ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മവേദി രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ എക്‌സപോര്‍ട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയര്‍ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നത്.

ചൊക്രമുടി, ചിന്നക്കനാല്‍, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരില്‍ ലംമ്പോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരന്‍ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയില്‍ ഐഡിയ അടക്കമുള്ള 3 കമ്പനികള്‍ക്ക് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ലംമ്പോദരന്‍ സൗകര്യം ചെയ്ത് നല്‍കുകയായിരുന്നു. മാസം തോറും വലിയ തുക ടവര്‍ സ്ഥാപിച്ചതിന്റെ സ്ഥല വാടകയായും ഇയാള്‍ കമ്പനികളില്‍ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈല്‍ സേവന ദാതാക്കളുടെ ടവറുകള്‍ പൊളിച്ചുനീക്കിയാണ് മൂന്നാര്‍ 2007 ല്‍ ദൗത്യം ആരംഭിച്ചത്.

2 വര്‍ഷത്തിന് ശേഷമാണ് നൈജീരിയയില്‍ നിന്നും ഇയാള്‍ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ ലംമ്പോദരന്‍ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. ആ സംഘടനയിലേയ്ക്ക് ചേരുന്നതിനുള്ള മെമ്പര്‍ഷിപ്പ് ഫീ ആയിരം രൂപയായിരുന്നു. എസ്.പി.എ എന്ന പേരില്‍ വളക്കമ്പനി തുടങ്ങി. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ല്‍ പുലരി എന്റെര്‍പ്രൈസസ് ആരംഭിക്കുന്നത്. എം.എം മണി മന്ത്രിയായതിന് ശേഷവും അദ്ദേഹത്തിന്റെ പേര് വെച്ചുള്ള മുതലെടുപ്പ ലംമ്പോദരന്‍ തുടരുകയാണെന്നാണ് വിവരം. പള്ളിവാസലില്‍ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ഗസ്റ്റ് ഹൗസുകള്‍ ബിനാമി പേരില്‍ സ്വന്തമാക്കി, വാടകയ്ക്ക് നല്‍കാന്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.

എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുന്നു. കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു. പിന്നീട് അവര്‍ക്കിടയില്‍ നിന്ന് കര്‍ഷക തൊഴിലാളി നേതാവായി. 1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് എട്ടുതവണ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സഖാവിനൊപ്പം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരന്‍ എം എം ലംബോധരന്‍ പിന്നീട് പാര്‍ട്ടിവിട്ട്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉള്‍പ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനാവുകയായിരുന്നു. മണിയുടെ രാഷ്ട്രീയകരുത്ത് തന്നെയാണ് ലംബോധരന്റെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Top