തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിലും പ്രായപരിധി മാനദണ്ഡങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സിപിഎം. കേരള നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ടേം വ്യവസ്ഥയിൽ നിബന്ധന കടുപ്പിച്ച മാതൃകയിൽ തന്നെ സംഘടനാ നേതൃത്വത്തിലും നിബന്ധനകൾ കടുപ്പിക്കാനാണ് തീരുമാനം. പ്രായപരിധി നിബന്ധന കടുപ്പിക്കുന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അഞ്ചുപേരാണ് ഒഴിവാകുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ഒഴിവാകും .
സംസ്ഥാന സമിതിയില്‍ നിന്ന് പതിനഞ്ചുപേരെയെങ്കിലും ഒഴിവാക്കും. ഇതോടെ കൂടുതൽ യുവ നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തിൽ അവസരം ലഭിക്കും. 75 വയസിന് മുകളിൽ പ്രായമുള്ള അഞ്ച് പേരാണ് നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റിലുള്ളത്. ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, പി കരുണാകരന്‍, എം.എം മണി എന്നീ മുതിർന്ന നേതാക്കൾ ജനുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാകും. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80ൽ നിന്ന് 75 വയസായി കുറയ്ക്കാൻ തീരമാനിച്ചിരുന്നു. ഇതേ മാതൃകയിൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.
ഈ മാസം 16, 17 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾക്കും തുടക്കം കുറിക്കും. സെപ്റ്റംബർ മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച് ജനുവരിയിൽ സംസ്ഥാന സമ്മേളനവും ഏപ്രിലിൽ പാർട്ടി കോൺഗ്രസും സംഘടിപ്പിക്കാനാണ് സിപിഎം പദ്ധതിയിടുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ 15 പേർ മാത്രമേ ഉള്ളൂ എന്നതിനാൽ അതു ചേരുന്നതിന് കോവിഡ് മാനദണ്ഡങ്ങൾ തടസമാവില്ല. ബാക്കിയുളളവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ നടത്തണമെന്ന കാര്യം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും. സംസ്ഥാന കമ്മിറ്റിയുടെ പരിധി 75 വയസിലും കുറച്ചാൽ വലിയ വെട്ടിനിരത്തൽ തന്നെ നടത്തേണ്ടിവരും. ജില്ലാ, ഏരിയ കമ്മിറ്റികളിലും സമാന മാറ്റം വരുന്നതോടെ എല്ലാ തട്ടിലും കൂടുതൽ യുവാക്കൾ പാർട്ടി നേതൃത്വത്തിലേക്ക് എത്തും. പ്രാദേശിക തലത്തിൽ ഇത് പാർട്ടിക്ക് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.
കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്ന വൈക്കം വിശ്വനും സ്ഥാനം ഒഴിയേണ്ടി വരും. ഇതോടൊപ്പം രണ്ട് പേരെകൂടി സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുകളും പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കിൽ മൊത്തം ഏഴ് ഒഴിവുകൾ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും. സംസ്ഥാന സമിതിയിൽ നിന്ന് പ്രായ നിബന്ധനയുടെ അടിസ്ഥാനത്തിൽ മാത്രം 15 പേർക്കെങ്കിലും പുറത്ത് പോകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള മൂന്ന് കേന്ദ്രകമ്മിറ്റിയംഗങ്ങളും പ്രായനിബന്ധന മൂലം ഒഴിവാകുന്നുണ്ട്. ഇതില്‍ ആരെയെങ്കിലും പ്രത്യേകക്ഷണിതാക്കളായി നിലനിര്‍ത്തുമോയെന്നാണ് അറിയേണ്ടത്.
നിലവില്‍ വി.എസ്.അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. ഇതിന് പുറമെ ആർക്കെങ്കിലും ഒരാൾക്ക് കൂടി പ്രത്യേക ക്ഷണം ലഭിച്ചേക്കും. അടുത്ത ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ 75 വയസ് പ്രായപരിധി നിശ്ചയിച്ചായിരിക്കും പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുകയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കും. മുഖ്യമന്ത്രിക്ക് ഇപ്പോൾ 76 വയസാണ് പ്രായം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണത്തിലുമെല്ലാം യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയത് വിജയമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഇത് സംഘടനാ നേതൃത്വത്തിലേക്കും എത്തിക്കുമ്പോൾ സെക്രട്ടറിയേറ്റിലടക്കം കൂടുതൽ യുവ നേതാക്കൾ എത്തും.
ദേശീയ തലത്തിലും തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രായപരിധി നിബന്ധന കേന്ദ്ര കമ്മിറ്റിയിലടക്കം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലുമുള്ള എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ അടുത്ത വർഷം ഒഴിവാക്കപ്പെട്ടേക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ സമയത്ത് തന്നെ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് 80 കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം സിസിയിലും പിബിയിലും തുടരട്ടെയെന്നാണ് തീരുമാനമുണ്ടായത്.
പാർട്ടി വലിയ പ്രതിസന്ധി നേരിടുന്ന പശ്ചിമ ബംഗാളിൽ ഇതിനോടകം തന്നെ പ്രായപരിധി നടപ്പാക്കി കഴിഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിലേക്ക് 75 വയസാണ് പശ്ചിമ ബംഗാളിലെ ഉയർന്ന പ്രായ പരിധി. ജില്ലാ കമ്മിറ്റിയിൽ ഇത് 72 വയസും ഏരിയ കമ്മിറ്റിയിൽ 70 വയസുമാണ്. കേരളത്തിൽ നിലവിൽ 80 വയസാണ് ഉയർന്ന പ്രായപരിധി. ഇത് കേന്ദ്ര കമ്മിറ്റി തീരുമാനത്തോടെ മാറും. 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ 80 വയസ് എന്ന പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കിയത്. പ്രായപരിധി വീണ്ടും കുറയ്ക്കുന്നത് യുവജനങ്ങൾക്ക് അവസരം നൽകുന്നതോടൊപ്പം കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനും സാഹയിക്കും. 2015ലെ കൊൽക്കത്തയിലെ പാർട്ടി പ്ലീനത്തിൽ തന്നെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേഡർ നയം വേണമെന്നും അംഗത്വത്തിൽ 25 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള നിർദേശം ഉയർന്നിരുന്നു. യുവജനങ്ങളെ ആകർഷിക്കാനും വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യം കൂട്ടാനുമാണ് ലക്ഷ്യം.