കൊച്ചി:തോറ്റ എം.പി”ക്കു ഡല്‍ഹിയില്‍ ലാവണമൊരുക്കാന്‍ പൊതുഖജനാവില്‍നിന്നു ചെലവഴിക്കാനൊരുങ്ങുന്നതു കോടികള്‍ ആണ് . പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി സി.പി.ഐക്കുവേണ്ടി പുനഃസ്‌ഥാപിച്ചതിനു പിന്നാലെയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം. നേതാവ് എ. സമ്പത്തിനു വേണ്ടി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍ തസ്‌തിക സൃഷ്‌ടിച്ചത്. ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റമാരും ഒരു ഡ്രൈവറുമടക്കം മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളുമായി ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.
കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം സുഗമമാക്കാന്‍ എന്ന പേരിലാണു ഡല്‍ഹിയില്‍ സമ്പത്തിനെ സംസ്‌ഥാനസര്‍ക്കാരിന്റെ പ്ര ത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും ധനവകുപ്പ് പാടുപെടുന്നതിനിടെയാണു കോടികളുടെ അധികബാധ്യത വരുത്തുന്ന പുതിയ നിയമനം. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി, ഘടകകക്ഷി നേതാക്കള്‍ക്കുവേണ്ടി മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി, സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി എന്നിവയ്‌ക്കു പുറമേയാണ് ആറ്റിങ്ങലില്‍ തോറ്റ സമ്പത്തിനുവേണ്ടി നാലാം കാബിനറ്റ് പദവി സൃഷ്‌ടിച്ചത്.
ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനമുയരുകയും പ്രതിപക്ഷകക്ഷികള്‍ ശക്‌തമായി രംഗത്തുവരുകയും ചെയ്‌തു. സംസ്‌ഥാനമന്ത്രിക്കു തുല്യമായ പദവിയും ആനുകൂല്യങ്ങളുമാണു ഡല്‍ഹിയില്‍ സമ്പത്തിനു ലഭിക്കുക. കേരളാ ഹൗസാണ് ആസ്‌ഥാനം. രൂക്ഷവിമര്‍ശനങ്ങളുടെ പശ്‌ചാത്തലത്തില്‍ തല്‍ക്കാലം ഒരു പ്രൈവറ്റ് സെക്രട്ടറി, മൂന്ന് അസിസ്‌റ്റന്റ്, ഡ്രൈവര്‍ തസ്‌തികകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. പ്രതിഷേധം അടങ്ങുന്ന മുറയ്‌ക്ക് പഴ്‌സണല്‍ സ്‌റ്റാഫ് ഉള്‍പ്പെടെ 27 പേരെക്കൂടി നിയമിക്കാനാണു നീക്കം. സമ്പത്തിന് എം.പിയുടേതിനു തുല്യമായ മാസശമ്പളം (ഒന്നരലക്ഷം രൂപ) ലഭിക്കും. യാത്രാബത്ത ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറേ. സംസ്‌ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ റസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്‌ഥരുള്ളപ്പോഴാണ് ഈ നിയമനധൂര്‍ത്ത്.
വി.എസിനു വേണ്ടി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ സമര്‍പ്പിച്ച ഒരു ശിപാര്‍ശപോലും മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാരിനു വേണ്ടാത്ത കമ്മിഷനുവേണ്ടി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥരടക്കം 27 പേരെയാണു നിയമിച്ചിട്ടുള്ളത്. ഇവരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, വാഹനങ്ങള്‍, ഓഫീസ് എന്നിവയ്‌ക്കായും കോടികള്‍ ചെലവഴിക്കുന്നു. അതേസമയം, അനാരോഗ്യം അലട്ടുന്ന വി.എസിന്റെ സഹായികള്‍ക്കുള്ള യാത്രാച്ചെലവുപോലും ധൂര്‍ത്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടുകയും ചെയ്‌തു!
എന്നാൽ നിയമനം പാഴ്ചെലവാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്തിന് ഗുണകരമാക്കാന്‍ ഇടപെടുമെന്നും എ.സമ്പത്ത് പറഞ്ഞു. വികസന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് മുന്‍ എം.പി എ.സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ലെയ്സണ്‍ ഒാഫീറായി ഡല്‍ഹിയില്‍ നിയമിക്കുന്നത്. മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളോടെ ചീഫ്സെക്രട്ടറിയുടെ റാങ്കിലാവും നിയമനം. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിയുമാണ് നിലിവില്‍ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് ചുമതലയുള്ളവര്‍.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമ്പത്തിന്‍റെ നിയമനത്തിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എ. സമ്പത്തിന്റെ നിയമനം ആര്‍ഭാടമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/