അവിടെ അറസ്റ്റ്, ഇവിടെ രാജി: കര്‍ണ്ണാടകയില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ട് സര്‍ക്കാര്‍

ബംഗളൂരു: ഇതിനോടകം തന്നെ ഭൂരിപക്ഷം നഷ്ടമായ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. ഇതോടെ രാജിവച്ച വിമത എം.എല്‍.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട ശേഷം ബി.ജെ.പി നേതാക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് സുധാകര്‍, എം.ടി.ബി നാഗരാജ് എന്നീ എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ഡോ.കെ.സുധാകര്‍, എംടിബി നാഗ്രാജ് എന്നിവരാണ് രാജിവച്ചതെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു. ഈ എം.എല്‍.എമാര്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാജിവച്ചവരുടെ കാര്യം നിയമം നിയമത്തിന്റെ വഴിക്കുപോകും. നിയമം ഓരോരുത്തര്‍ക്കും വ്യത്യസ്തമല്ല. എല്ലാവര്‍ക്കും തുല്യമാണ്. സ്പീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതുവരെ ആരുടേയും രാജി സ്വീകരിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എല്ലാം ഒറ്റരാത്രി കൊണ്ട് തീരുമാനിക്കാന്‍ കഴിയില്ല. അവര്‍ക്ക് 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതിനിടെ, വിമതര്‍ താമസിക്കുന്ന റിനൈസന്‍സ് കണ്‍വന്‍ഷന്‍ സെന്‍.ററിനു മുന്നില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഡി.കെ ശിവകുമാറിനെയം മുരളി ദേവ്റെയേയും മറ്റ് നേതാക്കളെയും മുംബൈയിലെ കലിന യൂണിവേഴ്സിറ്റി റെസ്റ്റ് ഹൗസിലേക്ക്മാറ്റി.

ഇതിനിടെ, കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.

Top