ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; സബ്കലക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷം, സംഘര്‍ഷാവസ്ഥ

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ദേവികുളത്താണ് സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് കലക്ടര്‍ വ്യക്തമാക്കി. പക്ഷെ വെല്ലുവിളിയുമായി സിപിഎം നേതാക്കളെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഷെഡുകള്‍ പൊളിച്ചു നീക്കുകയായിരുന്നു.

സിപിഎം നേതാവ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സബ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയാറായില്ല. ഒടുവില്‍ സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. പരാതിയില്ലെന്ന് ഭൂസംരക്ഷണ സേനാംഗങ്ങള്‍ തന്നെ വ്യക്തമാക്കിയതോടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. പൊലീസ് നോക്കി നില്‍ക്കെയാണ് സബ് കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിപിഎം പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവികുളം താലൂക്കിലെ എട്ടു വില്ലേജുകളില്‍ കര്‍ഷകര്‍ക്കെതിരെ നടപടികളെടുക്കുന്നു എന്നാരോപിച്ചു സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഓഫിസ് പടിക്കല്‍ രണ്ടാഴ്ചക്കാലം സത്യഗ്രഹസമരം നടന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ഇവര്‍ സമരം പിന്‍വലിച്ചത്.

ഇതിനിടെ, മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് സൂചന നല്‍കി കേന്ദ്ര സഹമന്ത്രി സി.ആര്‍.ചൗധരി കയ്യേറ്റ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയതും അടുത്തിടെയാണ്. പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ആര്‍.ചൗധരി മൂന്നാറിലെത്തിയത്.

Top