സിപിഎമ്മിനു വോട്ട് ചെയ്തു: രാജഗോപാൽ എംഎൽഎയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ബിജെപി

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ശ്രീരാമകൃഷ്ണനു വോട്ട് ചെയ്ത ഏക എംഎൽഎ ഒ.രാജഗോപാലിനെതിരെ നടപടിക്കു ബിജെപി. പാർട്ടി നിർദേശം ലംഘിച്ചു സിപിഎം സ്ഥാനാർഥിക്കു വോട്ട് ചെയ്യുകയും, ഇതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്കു പാർട്ടി ഒരുങ്ങുന്നത്. രാജഗോപാലിനെതിരായി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തോടു ഉപദേശം തേടിയിട്ടുണ്ട്. പാർട്ടി നിലപാട് മറികടന്ന രാജഗോപാലിനെ ശാസിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇല്ലെങ്കിൽ ഇത് വരും കാലത്ത് പാർട്ടി ദോഷം ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.
നിയമസഭയിൽ നിഷ്ടപക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റി ചേർന്നു തീരുമാനം എടുത്തിരുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിൻതുണയ്‌ക്കേണ്ടെന്നും, വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കണമെന്നുമാണ് ബിജെപി തീരുമാനം എടുത്തിരുന്നത്. എന്നാൽ, നിയമസഭയിൽ പരമ്പരാഗത ശത്രുവായ സിപിഎമ്മിന്റെ സ്ഥാനാർഥിക്കു വോട്ട് ചെയ്യാനാണ് രാജഗോപാൽ തീരുമാനം എടുത്തത്. ഇതു മാത്രമല്ല, പരസ്യമായി ഇതിനെ ന്യായീകരിച്ചു സംസാരിക്കുകയും ചെയ്തു. ബിജെപി ഇതുവരെ പുലർത്തി പോന്നിരുന്ന ആന്റീ സിപിഎം ക്യാംപെയിനു വിരുദ്ധമായാണ് രാജഗോപാൽ പ്രവർത്തിച്ചതെന്ന വികാരമാണ് പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായിരുന്നതെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി രൂക്ഷമായ വിമർശനമാണ് രാജഗോപാലിനെതിരെ നടത്തിയത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ നിയസഭയിൽ കൂടുതൽ അംഗങ്ങളെ സൃഷ്ടിക്കണമെന്ന പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യത്തിനു സാധിക്കാതെ വരുമെന്നാണ് പ്രധാന വിമർശനം ഉയർന്നത്. പാർട്ടിയിലെ താത്വിക മുഖമായ രാജഗോപാൽ തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥാണെങ്കിലും പാർട്ടിക്കുള്ളിലെ നേതാക്കൾക്കിടയിൽ അത്ര പ്രിയങ്കരനല്ല. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ രാജഗോപാലിനെ പരസ്യമായി എതിർക്കുന്നവരും ആണ്. രാജഗോപാലിന്റെ എംഎൽഎ സ്ഥാന ലബ്ദിയിൽ കടുത്ത അതൃപ്തിയുള്ളവരാണ് ഈ കൂട്ടരും. ഇവരാണ് ഇപ്പോൾ രാജഗോപാലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ, കേരളത്തിലെ ഏക എംഎൽഎയ്‌ക്കെതിരെ ആദ്യം തന്നെ നടപടിയെടുത്ത് ജനരോഷം വരുത്തി വയ്ക്കാൻ കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top