ദുരൂഹതയേറുന്നു..!! വാഹനം ഓടിച്ച ആളെ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന; ആശുപത്രിക്കായി നിക്ഷേപിച്ച ഒരു കോടി ചോദ്യമാകുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. ഇയാള്‍ക്ക് ബാലഭാസ്‌ക്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ അപകടവുമായി ബന്ധമുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിനു പിന്നിലും ഇവര്‍ക്കു പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇതിനായി ഉടന്‍ തന്നെ കോടതിയെ സമീപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് ദുരൂഹതയേറിയതോടെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനകള്‍ വേഗത്തിലാക്കി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴിനല്‍കി.

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി പരാതിനല്‍കിയിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്തസാമ്പിളുകള്‍ കണ്ടെത്താനായില്ല. മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും.

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പാലക്കാട്ട് ഒരാശുപത്രിയുടമയ്ക്ക് ഒരു കോടിയോളം രൂപ ബാലഭാസ്‌കര്‍ നല്‍കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അച്ഛന്‍ കെ.സി. ഉണ്ണി വീണ്ടും ആവശ്യപ്പെട്ടു. ഈ ആവശ്യം നേരത്തേ നല്‍കിയ പരാതിയിലും അദ്ദേഹം ഉന്നയിച്ചിരുന്നു.

ബാലഭാസ്‌കര്‍ ആശുപത്രി നിര്‍മാണത്തിന് പണം നിക്ഷേപിച്ചത് തെളിയിക്കുന്ന ചില പരാതികള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ആവശ്യമുന്നയിച്ചത്. ആശുപത്രിക്കെട്ടിടം നിര്‍മിച്ച കരാറുകാരന്‍ പാലക്കാട് പോലീസില്‍ നല്‍കിയ പരാതിയിലാണ് ബാലഭാസ്‌കര്‍ ആശുപത്രിക്കുവേണ്ടി പണം നിക്ഷേപിക്കുകയും നിര്‍മാണം നോക്കാനെത്തുകയും ചെയ്തുവെന്ന് പറഞ്ഞിട്ടുള്ളത്.

ബാലഭാസ്‌കറിന്റെ മരണശേഷം കരാറുകാരന് ആശുപത്രിയുടമ ബാക്കി തുക നല്‍കിയില്ല. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരേ പരാതി നല്‍കിയത്. ബാലഭാസ്‌കറിന്റെ പണം ബന്ധുക്കള്‍ക്ക് തിരികെ നല്‍കേണ്ടതിനാലാണ് ബാക്കി തുക വൈകുന്നതെന്നാണ് ആശുപത്രിയുടമ കരാറുകാരനോട് പറഞ്ഞത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും പരാതിയില്‍ പറയുന്നു.

ഈ സംഘവുമായി ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഈ പരാതി ഉന്നയിച്ചതിന് ആശുപത്രിയുടമ ബാലഭാസ്‌കറിന്റെ അച്ഛനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. എട്ടുലക്ഷം രൂപയാണ് വാങ്ങിയതെന്നും ഇത് തിരികെനല്‍കിയെന്നുമായിരുന്നു ഇവരുടെ വാദം.

Top