കേരള ഘടകത്തില്‍ ഉന്നതസ്ഥാനവും ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ലക്ഷ്യം..!! അബ്ദുള്ളക്കുട്ടി പിടിക്കുന്നത് വലിയകൊമ്പില്‍

മോദി സ്തുതിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ്. ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട അബ്ദുള്ളക്കുട്ടി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും. ബിജെപി കേരള സംസ്ഥാന ഘടകം നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍, ബിജെപി കേരള ഘടകത്തിന്റെ തലക്ക് മുകളിലൂടെ അധികാര സ്ഥാനത്തേയ്ക്ക് നേരിട്ടെത്താനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്നാണ് ബിജെപിക്കുള്ളിലെ സംസാരം. നേരിട്ട് കേന്ദ്രനേതൃത്വത്തെക്കണ്ട് സംസ്ഥാന ഘടകത്തില്‍ ഉന്നത സ്ഥാനവും വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള ഒരു സീറ്റും ഉറപ്പിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നതെന്നാണ് വിവരം.

ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തില്‍ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടന്‍ തന്നെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും കാണും. എന്നാല്‍ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

Top