തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ആരോപണമുണ്ട്.
ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് പോലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നു. രണ്ടാം പിണറായി സർക്കാരിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സമ്മേളനത്തിൽ നിന്ന് ഏറ്റ വിമർശനങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കും.
ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
സമ്മേളനത്തിൽ പോലീസിനെക്കുറിച്ചും വിമർശനം ഉയർന്നു. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടവും അക്രമണങ്ങളും രണ്ടാം പിണറായി സർക്കാരിൻറെ ശോഭ കെടുത്തിയെന്ന് ആരോപണമുയർന്നു.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിര പാർട്ടി അംഗങ്ങളുടെ അച്ചടക്കമില്ലായ്മയുടെ തെളിവാണെന്നും സമ്മേളനത്തിൽ ജില്ലാ പ്രതിനിധികൾ പറഞ്ഞു. മെഗാ തിരുവാതിര സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
കെ റെയിലും സമ്മേളനത്തിൽ ചർച്ചയായി. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളെ നേരിടണമെന്നും സമ്മേളനത്തിൽ നിർദ്ദേശം ഉയർന്നു. സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളും വിമർശനങ്ങളും ഗൗരവത്തോടെ തന്നെയാകും പിണറായി സർക്കാർ നോക്കി കാണുക.