ലണ്ടന്‍: മഞ്ഞളിന്റെ രോഗ പ്രതിരോധ ശേഷി പ്രശസ്തമാണ്. പല രോഗങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ഞള്‍ ചികിത്സയിലൂടെ ബ്രിട്ടീഷ് വനിതയുടെ രക്താര്‍ബുദം ഭേദമായി. സാധാരണരീതിയിലുള്ള ചികിത്സ നിര്‍ത്തിയശേഷം മഞ്ഞള്‍ ഉപയോഗിച്ച് ഒരാളുടെ രോഗം മാറുന്ന ആദ്യ സംഭവമാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
മറ്റു ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് ഡിനേക ഫെര്‍ഗൂസന്‍ (67) എന്ന വനിത മഞ്ഞള്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്നു തവണ കീമോതെറാപ്പിക്കും നാലു തവണ മൂല കോശ ചികിത്സയ്ക്കും വിധേയമായെങ്കിലും രോഗം മാറിയില്ല.
2011 മുതല്‍ മഞ്ഞളിലെ പ്രധാനഘടകമായ കര്‍കുമിന്‍ ദിവസം എട്ടുഗ്രാം വീതം കഴിക്കാന്‍ തുടങ്ങി. ഈ അളവില്‍ കര്‍കുമിന്‍ ലഭിക്കുന്ന ഗുളികയാണു കഴിച്ചിരുന്നത്. മറ്റൊരു ചികിത്സയും ഈ കാലയളവില്‍ നടത്തിയിരുന്നില്ല. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഫെര്‍ഗൂസനില്‍ കാന്‍സര്‍ സെല്ലുകളുടെ അളവ് തീരെ കുറവാണെന്നു കണ്ടെത്തി.
പരമ്പരാഗത ചികിത്സളില്ലാതെ കര്‍കുമിനിലൂടെ ഒരാളുടെ രോഗം ഭേദമായ ആദ്യ സംഭവമാണിതെന്നു ലണ്ടനിലെ ബാര്‍ട്സ് ഹെല്‍ത്ത് എന്‍.എച്ച്.എസ്. ട്രസ്റ്റിലെ ഡോക്ടര്‍ ഡോ. അബ്ബാസ് സയിദി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം, കര്‍കുമിന്‍ എല്ലാ രോഗികളിലും ഒരേ പോലെ ഫലപ്രദമാകണമെന്നില്ലെന്നു പ്രഫ. ജാമി കാവനാഗ് പറഞ്ഞു. പല രോഗികളും ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ കര്‍കുമിന്‍ കഴിക്കുന്നുണ്ടെന്നും എന്നാല്‍ ഡിനേകയിലെ മാറ്റം വളരെ പ്രകടമാണെന്നും പ്രഫ. ജാമി പറഞ്ഞു.