രാജ്യം തകര്‍ച്ചാ ഭീഷണിയില്‍; രൂപ എക്കാലത്തെയും തകര്‍ച്ചയില്‍; പ്രവാസികള്‍ക്ക് ചാകര…

ദില്ലി: രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകര്‍ച്ചയില്‍. ചരിത്രത്തില്‍ ആദ്യമായി ഡോളറിന് 69 രൂപയിലധികം വേണ്ടി വന്നു. വരും ദിവസങ്ങളിലും രൂപ തകര്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ചില തീരുമാനങ്ങളും വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതാകട്ടെ എണ്ണവില ഉയരുന്നതിനും കാരണമായി. രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കാന്‍ പോകുകയാണ് പ്രതിസന്ധി. അതേസമയം, പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ സമയമാണിത്. വിദേശത്തെ കറന്‍സികള്‍ക്ക് മൂല്യം കൂടുമ്പോള്‍ അവക്ക് നേട്ടമാണ്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ എങ്ങനെയാകും ബാധിക്കുകയെന്നത് ഓരോരുത്തരും മനസിലാക്കേണ്ടതാണ്.

രൂപയുടെ മൂല്യം ഇടിയാന്‍ കാരണം ഡോളറിന് ആവശ്യക്കാര്‍ ഏറിയത് മാത്രമല്ല. അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കുകയാണ്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എണ്ണയ്ക്ക് വിപണിയില്‍ വില കൂടി. ഇതും രൂപയ്ക്ക് തിരിച്ചടിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും. രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിക്കുന്ന പ്രതിസന്ധിയാകും അത്. ഇനി കേന്ദ്ര ബാങ്ക് രക്ഷാപദ്ധതി നടപ്പാക്കിയാല്‍ മാത്രമാണ് രൂപയ്ക്ക് കരകയറാന്‍ സാധിക്കുക.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളും കറന്‍സി ഇടപാടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാകാന്‍ കാരണമായി. അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലും ചില അസംതൃപ്തികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതും വിപണിയിലെ ആശങ്കയ്ക്ക് കാരണമാണ്. ഇന്ത്യയും ചൈനയും അമേരിക്കയുമായി ഇറക്കുമതി തീരുവ വിഷയത്തില്‍ തര്‍ക്കത്തിലാണ്.

ഓഹരികള്‍ വിറ്റഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൂലധനം വ്യാപകമായി പിന്‍വലിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നത് കാരണം അവര്‍ സുരക്ഷിത കറന്‍സി എന്ന നിലയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നു. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറുകയും മൂല്യം കൂടുകയും ചെയ്യുകയാണ്.

രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമികളെ ബാധിക്കും. കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം രാജ്യത്തെ വിദേശവ്യാപാര കമ്മി 1460 കോടി ഡോളറാണ്. അതായത്, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.6 ശതമാനം കൂടുതല്‍. രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കും.
സാമ്പത്തിക രംഗത്തെ കാര്യങ്ങള്‍ കുഴഞ്ഞുമറയുമ്പോള്‍ കടല്‍ കടന്നവര്‍ക്ക് സന്തോഷിക്കാന്‍ നേരിയ വകയുണ്ട്. കാരണം അവരുടെ അധ്വാനത്തിന് ഇരട്ടി മൂല്യം ലഭിക്കാനുള്ള അവസരം കൂടിയാണ്. വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമായതിനാല്‍ ഇന്ത്യയ്ക്ക് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷ. അതേസമയംതന്നെ ആഭ്യന്തര സാമ്പത്തിക രംഗത്ത് ആശങ്കയും.

ഇത്തരം വേളകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അവര്‍ കൂടുതലായി നാട്ടിലേക്ക് പണമയക്കും. ഗള്‍ഫ് നാണയങ്ങള്‍ക്കെല്ലാം മൂല്യം സ്വാഭാവികമായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞമാസം രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ വന്‍തോതില്‍ പ്രവാസികള്‍ പണമയച്ചിരുന്നു. സമാനമായ സാഹചര്യം ഇപ്പോഴും തുടരുമെന്നാണ് കരുതുന്നത്.
ഇറാന്‍ എണ്ണ കൂടുതല്‍ നാള്‍ വിപണിയില്‍ എത്തില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ മറ്റു രാജ്യങ്ങള്‍ വഴങ്ങിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ എണ്ണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. അപ്പോള്‍ വില വീണ്ടും കൂടും. ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ആഗോളശക്തികള്‍ ആലോചിക്കുന്നത്. നവംബര്‍ നാലിന് ശേഷം ഇറാന്‍ എണ്ണ വാങ്ങരുതെന്നാണ് അമേരിക്ക പറയുന്നത്.
ഈ പ്രശനം പരിഹരിക്കുന്നതിന് സൗദിയടക്കമുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളോട് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അതിന് സമ്മതിക്കുകയും ചെയ്തു. സൗദി ഉല്‍പ്പാദനം കൂട്ടുകയും വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുകയും ചെയ്താല്‍ വില കുറയും. അപ്പോള്‍ രൂപയ്ക്ക ആശ്വാസമാകും. പ്രതിസന്ധിയില്‍ നേരിയ അയവ് വന്നേക്കും.

Top