തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഇന്ന് തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.
റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.
12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.രാജ്കുമാറിനെ മര്‍ദ്ദിച്ച 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമര്‍പ്പിക്കും.