മുളക് പ്രയോഗിച്ചത് രണ്ട് വനിതാ പോലീസുകാര്‍..!! ശാലിനി വെളിപ്പെടുത്തിയത് ക്രൂരമായ പീഡനവിവരങ്ങൾ 

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ മുഖ്യ പ്രതികളെ അറസ്റ്റു ചെയ്യാതെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഒളിച്ചുകളി. ഇരുവരും ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്നും ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്. എഎസ്ഐ സി.ബി.റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരുടെ അറസ്റ്റാണു വൈകുന്നത്. പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണു ക്രൈംബ്രാഞ്ച് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

കസ്റ്റഡി മരണക്കേസില്‍ പോസ്റ്റുമോര്‍ട്ടം പിഴവുകളിലും ദുരൂഹതയേറുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ അസോ. പ്രഫസര്‍ക്ക് പുറമെ ഫൊറന്‍സിക് വകുപ്പ് മേധാവി അടക്കമുള്ളവര്‍ക്കും വീഴ്ച പറ്റിയെന്നാണു വ്യക്തമാകുന്നത്. പരുക്കുകളുടെ പഴക്കം നിര്‍ണയിക്കാതിരുന്നത് മുതല്‍ ആന്തരാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാത്തത് വരെയുള്ള ഗുരുതര വീഴ്ചകളാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇതിനിടെ കസ്റ്റഡിമരണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ശാലിനി രംഗത്തെത്തി. രാജ്കുമാറിനെ പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ നാട്ടുകാര്‍ മര്‍ദിച്ചെന്ന് കൂട്ടുപ്രതി ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം മരണം സംഭവിക്കാന്‍ മാത്രം ക്രൂരമായി നാട്ടുകാര്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും പൊലീസാണ് ക്രൂരമായി മര്‍ദിച്ചതെന്നും താന്‍ അതിന് ദൃക്‌സാക്ഷിയാണെന്നും ശാലിനി വ്യക്തമാക്കി.

അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും, എസ്.ഐയുടെ നിര്‍ദേശപ്രകാരം തന്നെയും പൊലീസ് മര്‍ദിച്ചുവെന്നും മുളക് പ്രയോഗം നടത്തിയെന്നും ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് വനിതാ പോലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്നും മുഴക് പ്രയോഗത്തിന് അവരും ഉണ്ടായിരുന്നെന്നും ശാലിനി പറഞ്ഞു. ‘കോടികളുടെ ഇടപാടുകള്‍ നടന്നിട്ടില്ല. ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത് 15 ലക്ഷം രൂപ മാത്രം. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ല. പണം മലപ്പുറത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് രാജ്കുമാര്‍ പറഞ്ഞത്.

മുമ്പ് എസ്.ഐ സാബു രാജ്കുമാറിനോട് 50000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. അന്ന് തന്നെ പണം കൊടുക്കാന്‍ സാധിച്ചില്ല. പിറ്റേദിവസം കൊടുക്കാമെന്നാണ് കരുതിയത്. അപ്പോഴേക്ക് രാജ്കുമാറിനെ അറസ്റ്റ് ചെയ്തു. ഒരു പൊലീസുകാരന്‍ മോശമായി സംസാരിച്ചു. തന്റെ ബാഗിലുണ്ടായിരുന്ന 2.30ലക്ഷം രൂപ പൊലീസ് പിടിച്ചുവാങ്ങി’. -ശാലിനി പറഞ്ഞു.

ഇടനിലക്കാരന്‍ നാസറിനെ നേരിട്ട് അറിയില്ലെന്നും നാസറാണ് പണം മുടക്കുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞിരുന്നുവെന്നും ശാലിനി പറഞ്ഞു. വായ്പ വാങ്ങുന്നതിനാണ് രാജ്കുമാറിനെ പരിചയപ്പെട്ടത്. കൂലിപ്പണി ചെയ്യുകയായിരുന്ന തന്നെ ജീവനക്കാരിയാക്കിയത് രാജ്കുമാറാണ്. സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്തതിനാലാണ് തന്നെ എം.ഡിയാക്കിയതെന്നും ശാലിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം കസ്റ്റഡി കൊലപാതകത്തില്‍ പ്രതിപ്പട്ടിക വിപുലീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Top