മനുഷ്യജീവന് പ്രാധാന്യം നല്‍കണം, ഇന്ധനക്ഷാമമില്ല: മുഖ്യമന്ത്രി.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്.

തിരുവനന്തപുരം: കേരളം ഞെട്ടിനിൽക്കുന്ന പ്രകൃതി ദുരന്തത്തിൽ പൊതുജനം മനുഷ്യജീവന് പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ വസ്തുവകകളേക്കാള്‍ പ്രാധാന്യം മനുഷ്യജീവന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.പ്രളയക്കെടുതികള്‍ അവലോകനം ചെയ്തുകൊണ്ടു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കന്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ കണക്ക് വിവരിച്ചതില്‍ 15 ലക്ഷത്തി അറുപതിനായിരം വൈദ്യുതി കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ചാലിയാര്‍ പുഴയ്ക്കുകുറുകെയുള്ള ഹൈടെന്‍ഷന്‍ ലൈനുകള്‍ ഓഫ് ചെയ്തതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിന് കുറുകേ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ പോലീസിനെ തയ്യാറാക്കിയതായും അറിയിച്ചു. നിലവില്‍ 9 സബ്‌സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.4 സ്‌റ്റേഷനുകള്‍ തകരാറിലായിട്ടുണ്ട്. റോഡുകളില്‍ വ്യാപകമായ നാശമുണ്ടായിരിക്കുന്നു. 6 പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് യാതൊരുവിധ ഇന്ധനക്ഷാമവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം അതിവേഗം നടത്താനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. ക്യാമ്പിലെ പൊതു ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ് നല്‍കിയതിന്റെ ഭാഗമായി ഉരുള്‍പൊട്ടലുള്ള സ്ഥലങ്ങളില്‍ മരച്ചുവടുകളില്‍ അഭയം തേടരുത്,രക്ഷാപ്രവര്‍ത്തനം കാണാനോ,ഉരുള്‍പൊട്ടല്‍ കാണാനോ പോയിനിന്ന് സ്വയം അപകടത്തില്‍ പെടരുതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. രക്ഷാ വാഹനങ്ങള്‍ക്കും ആമ്പുലന്‍സിനും വഴിതെളിക്കണമെന്നും അഭ്യര്‍ത്ഥി്ച്ചു.ഒരു കാരണവശാലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്താന്‍ സാധാരണക്കാര്‍ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താവിനിമയ സംവിധാനങ്ങളിലെ തകരാര്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം മൊബൈല്‍ ടവറുകള്‍ തകര്‍ന്ന സ്ഥലത്ത് സെല്‍ ഓണ്‍ വീല്‍ സംവിധാനമായ വാഹനങ്ങള്‍ എത്തിക്കുമെന്നും ഉറപ്പുനല്‍കി.

മഴ കാരണം ട്രെയിന്‍ ഗതാഗതം വടക്കന്‍ മേഖലകളില്‍ വലിയതോതില്‍ തടസ്സപ്പെട്ടിട്ടുണ്ട്.ഷൊര്‍ണ്ണൂരിലും വടക്കോട്ടുള്ള പ്രദേശങ്ങളിലുമാണ് തടസ്സമുള്ളത്. പാലങ്ങളിലുണ്ടായ തടസ്സങ്ങളാണ് കാരണം.ഗതാഗത തടസ്സം പുന: സ്ഥാപിക്കാന്‍ റെയില്‍വ്വേ സംവിധാനം ചെയ്തുവരികയാണ്. കോണ്ടൂര്‍ കനാലിലുണ്ടായ തടസ്സം കാരണം തമിഴ് നാട്ടിലേയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനുണ്ടായ തടസ്സം മാറ്റാനുള്ള അറ്റകുറ്റപ്പണികള്‍ അവര്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പ്രകൃതിക്ഷോഭം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്. ദുരന്തങ്ങളെയും ദുരിതങ്ങളെയും നമുക്ക്‌ ഒരുമയോടെ നേരിടാമെന്നും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും പോലീസ് നിർദ്ദേശം നൽകി.

കാലവര്‍ഷക്കെടുതികളുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ വ്യാജസന്ദേശങ്ങള്‍ പടച്ചുവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദുരന്തമുഖത്ത് നാം ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഈ വിഷമഘട്ടത്തില്‍ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കേരള പോലീസിന്റെ ഓദ്യോഗിക ഫേസ്ബുക് പേജ് വഴി അറിയിച്ചു.

Top