30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

ബെംഗളൂരു: സര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് പരസ്യമായി നിയമസഭയില്‍ വിളിച്ചുപറഞ്ഞ് ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ് ഗൗഡ. സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ബിജെപി കോടികളുമായി എംഎല്‍എമാരുടെ പുറകെ നടക്കുകയാണ്. എന്നാല്‍ വ്യക്തമായ തെളിവുകളോടെ ഈ വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.

ബി.ജെ.പി 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് എം.എല്‍.എ ശ്രീനിവാസ് ഗൗഡ നിയമസഭയില്‍ വിളിച്ചുപറഞ്ഞത്. ബി.ജെ.പി എം.എല്‍.എമാരായ അശ്വത്ഥ് നാരായണ്‍, വിശ്വനാഥ്, ബി.ജെ.പി നേതാവ് യോഗേശ്വര്‍ എന്നിവര്‍ താന്‍ നിരസിച്ചിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കിടെയാണ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്.

അതേസമയം സഭയില്‍ കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്. ഇതിനിടെ, ഇന്ന് ഉച്ചയ്ക്ക് 1. 30 ന് മുന്‍പ് വിശ്വാസ വോട്ട് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി.

ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Top