ഗവർണർ, മുഖ്യമന്ത്രി, വിഐപികൾ… അടക്കം പെൺകെണിയിൽ…!! ശ്വേത ബിജെപി പ്രചാരക; 5000 ഡിജിറ്റൽ രേഖകൾ

ഭോപ്പാൽ: രാജ്യത്തെ ഏറ്റവും വലിയ ലൈംഗിക വിവാദത്തിന്റെ തിരശ്ശീല ഉയരുകയാണ്. മധ്യപ്രദേശിലാണ് സംഭവത്തിൻ്റെ കേന്ദ്രം. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉൾപ്പെടെ പെൺകെണിയിൽ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അധികസമയത്തും ജോലിയെടുത്ത് അന്വേഷണ സംഘം കേസുമായി മുന്നേറുമ്പോൾ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ.

സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ആഡിയോ ക്ലിപ്പുകൾ തുടങ്ങി 4000ഓളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. മെമ്മറി കാർഡുകളിൽനിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭ്യമായാൽ ലഭിച്ച ഡിജിറ്റിൽ തെളിവുകളുടെ എണ്ണം 5000 കടന്നേക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തിമുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻസ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 15 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. കെണിയിൽ കുടുങ്ങിയ ബി.ജെ.പി. നേതാക്കളുടെ വിവരം നൽകാൻ ആർ.എസ്.എസ്,​ ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ഒരു ഐ.എ.എസുകാരൻ ഉൾപ്പെട്ടിട്ടുള്ള കേസിൽ വിലപേശി നേടിയ മൂന്നുകോടിയുടെ ആദ്യ ഗഡുവായ 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഭീകര വിരുദ്ധ സ്കാഡിന്റെ (എ.ടി.എസ്) സഹായവും പൊലീസ് തേടി.

ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറും മദ്ധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ഫുട്ബാളറും കൂടിയായ ഹർഭജൻ സിംഗിന്റെ പരാതിയെത്തുടർന്നാണ് വലിയ മാഫിയസംഘത്തിന്റെ ചുരുളഴിയുന്നത്. പല രാഷ്ട്രീയ നേതാക്കളും കേസിൽ ”ഇരകളാക്ക”പ്പെട്ടിട്ടുള്ളത് മദ്ധ്യപ്രദേശ് രാഷ്ട്രീയത്തെയും പിടിച്ചുലയ്ക്കുകയാണ്. രാഷ്ട്രീയക്കാരെ കൂടാതെ, സിനിമാതാരങ്ങൾ, വ്യവസായികൾ തുടങ്ങിയവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാരെ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളികാമറയിൽ ചിത്രീകരിച്ച് ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഹണിട്രാപ് സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം വലവിരിച്ചതും സജീവമായതും. സമ്പന്നർ താമസിക്കുന്ന കോളനികളിൽ വാടകവീടുകൾ സംഘടിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. ബ്ലാക്ക്മെയിലിലൂടെ ഒരിക്കൽ പണം തട്ടിയാൽ വിലാസം മാറ്റും. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്കു പറ്റിയതിനാൽ തിരക്കുള്ള നഗരങ്ങളാണു തിരഞ്ഞെടുത്തിരുന്നത്.

റാക്കറ്റിന്റെ കൈയിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വളരെയധികമായതിനാൽ തെറ്റായ ആളുകളിലേക്ക് ഇവയെത്തുന്നതു തടയുകയാണ് അന്വേഷണ സംഘത്തിന്റെ വെല്ലുവിളി. കേസിന്റെ തുടക്കത്തിൽ പൊലീസുകാരിൽ നിന്നു തന്നെ ബ്ലൂടൂത്ത് വഴി ദൃശ്യങ്ങൾ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു.

ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മദ്ധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നെന്നാണു വിവരം. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ആരോപിച്ചു. സംഘത്തിൽപെട്ട ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐ.ടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ്‌ സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാർത്ഥിനിയാണ്.

അയൽസംസ്ഥാനമായ ചത്തീസ്ഗഡിലേക്കും ഹണിട്രാപ്പിന്റെ വേരുകൾ നീളുന്നതായാണ് വിവരം. ചത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗിനും സംഭവത്തിൽ പങ്കുള്ളതായാണ് പി.സി.സി അദ്ധ്യക്ഷൻ മോഹൻ മാർക്കം ആരോപിച്ചത്. അതേസമയം, ഇത് കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണെന്ന് ബി.ജെ.പി വക്താവ് സഞ്ജയ് ശ്രീവാസ്തവ തിരിച്ചടിച്ചു.

Top