നടി പാര്‍വതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് പിടിയിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കസബയെ വിമര്‍ശിച്ചതിന് പിന്നാലെ ഭീഷണിപ്പെടുത്താനും വ്യക്തിഹത്യ നടത്താനും സംഘടിത ശ്രമമെന്നാണ് പരാതി. സമൂഹമാധ്യങ്ങളിലൂടെയുള്ള അശ്ലീലസംഭാഷ·ണം തടയാനുള്ള വകുപ്പ് പ്രകാരമാണ് കേസ്.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കുംവേണ്ടിയാണ് തന്റെ പോരാട്ടമെന്ന് നടി പാര്‍വതി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നവിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്നും പാര്‍വതി മനോരമ ന്യൂസ് ഒമ്പതുമണി ചര്‍ച്ചയില്‍ പറഞ്ഞു.
സത്രീവിരുദ്ധതയുടെ പേരില്‍ മമ്മൂട്ടി ചിത്രമായ കസബയ്‌ക്കെതിരെ നടത്തിയ വിമര്‍ശനമാണ് പാര്‍വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖാമുഖത്തിലായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇത് സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെ പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുയര്‍ന്നു.
ഇതിനിടെ വ്യക്തിഹത്യ നടത്താനും അശ്‌ളീല വാക്കുകളുപയോഗിച്ച് ആക്ഷേപിക്കാനും സംഘടിത ശ്രമമുണ്ടായെന്നാണ് പാര്‍വതി പരാതിയില്‍ പറയുന്നത്. രണ്ടാഴ്ചയായി ഭീഷണി സന്ദേശങ്ങള്‍ തുടരുന്നതായി ആരോപിക്കുന്നു. ഇത്തരത്തില്‍ പ്രചാരണം നടത്തിയവരുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി കൊച്ചി സൈബര്‍ സെല്ലിന് കൈമാറി.