മണിയുടെ തീയറ്റർ പൊളിക്കും: ദിലീപിനു നഷ്ടമാകുക അഞ്ചരക്കോടി; പുറംപോക്ക് തിരികെ പിടിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിന്റെ ദുരൂഹത തുടരുമ്പോൾ ദിലീപിന്റെയും -മണിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ തീയറ്റർ ഡി-സിനിമാസ് പൊളിക്കാൻ സർക്കാർ ഒരുങ്ങുന്നു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയ തീയറ്റർ അളന്നു തിട്ടപ്പെടുത്തിയ ശേഷം പൊളിച്ചുമാറ്റുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇവിടുത്തെ റവന്യു ഭൂമി കണ്ടെത്താനുള്ള നടപടികൾ ജില്ലാ കലക്ടർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് കെട്ടിടം പൊളിക്കേണ്ടി വരുമെന്ന് ഉറപ്പായത്.
ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് തീയേറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് തൃശുർ ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് റവന്യു വകുപ്പിനു കൈമാറിയിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ട് ലഭിച്ചകാര്യം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. തീയേറ്റർ പ്രവർത്തിക്കുന്നത് സർക്കാർ ഭൂമിയിലാണെങ്കിൽ തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു.
ഡി സിനിമാസിൽ കലാഭവൻ മണി പങ്കുകാരനായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഡി സിനിമാസ് സർക്കാർ ഭൂമി കയ്യേറിയെന്നത് സംബന്ധിച്ച് നേരത്തേ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിരുന്നു. ഇതേ കാലത്ത് കൃഷി മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ നടത്തിയ ഇടപെടലിനെത്തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നത് എന്നാണു ജില്ലാ കളക്ടർ ഇപ്പോൾ റവന്യൂ മന്ത്രിയെ ബോധിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി 2005ലാണ് ദിലീപ് സ്വന്തമാക്കുന്നത്. ചാലക്കുടി ശ്രീധരമംഗലം ക്ഷേത്രത്തിന് കൈമാറിയ സർക്കാർഭൂമിയാണ് ഇതിൽ ഒരുഭാഗമെന്നാണ് കരുതുന്നത്. 35 സെന്റ് തോട്പുറമ്പോക്കാണ് ഇത്. ആദ്യം എട്ട് ആധാരങ്ങളിലേക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുകയും പിന്നീട് അവ ഒരുമിച്ച് ദിലീപ് വിലയാധാരമാക്കുകയും ചെയ്തു എന്നാണ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ ഘട്ടത്തിൽ കലാഭവൻ മണി ദിലീപിനൊപ്പം ഉണ്ടായിരുന്നു. കലാഭവൻ മണിയുമായി ചേർന്ന് രൂപീകരിച്ച കമ്പനിയായതിനാൽ തന്നെയാണ് തീയേറ്റർ സമുച്ചയം മണിയുടെ നാടായ ചാലക്കുടിയിൽ സ്ഥാപിച്ചതെന്ന് നാരദമലയാളം റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ കെട്ടിടം പണി പുരോഗമിക്കുന്നതിനിടെ ഇരുവരും പാർട്ണർഷിപ്പ് പിരിയുകയാണുണ്ടായത്. തുടർന്ന് ഒറ്റയ്ക്കാണ് ദിലീപ് ഡി സിനിമാസ് നടത്തിക്കൊണ്ടിരുന്നത്.

തന്റെ സ്വപ്നപദ്ധതിയാണ് ഡി സിനിമാസ എന്ന് ദിലീപ് പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ കലാഭവൻ മാണിയുടെ പദ്ധതിയായിരുന്നു അത്. മണി ആസൂത്രണം ചെയ്ത സംരഭത്തിലേക്ക് ദിലീപ് പങ്കുചേരുകയാണുണ്ടായത്. ദിലീപിനൊപ്പം ആരംഭിക്കുന്ന തീയേറ്ററിന്റെ പേര് ഡിഎം സിനിമാസ് എന്നായിരിക്കുമെന്നു കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. എന്നാൽ തുടക്കം മുതലേ ദിലീപ് മണിയുടെ പേര് പറഞ്ഞിരുന്നില്ല. ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയതും സ്ഥലം വാങ്ങാനാവശ്യമായ അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്ന് സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നുവെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു.

ഡി സിനിമാസിലെ പങ്കുകച്ചവടം അവസാനിക്കാനിടയായ സാഹചര്യങ്ങളും ദുരൂഹമാണ്. കലാഭവൻ മണി ഈ വിഷയത്തോടെ ഏറെ നിരാശനായെന്നും സൂചനകളുണ്ട്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി എൻ ബാലകൃഷ്ണൻ എന്നിവരും സിനിമാ രംഗത്തുനിന്നും മമ്മൂട്ടി, ഇന്നസെന്റ് തുടങ്ങിയ താരങ്ങളും രാഷ്ട്രീയ നേതാക്കൾ, എംഎൽഎമാർ അടക്കമുള്ള പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ചാലക്കുടിക്കാരനായിരുന്നിട്ടുകൂടി കലാഭവൻ മണിയെ ക്ഷണിച്ചില്ല.
ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതോടെ കലാഭവൻ മണിയുമായി ദിലീപിനുള്ള ബിസിനസ് ബന്ധം മറനീക്കി പുറത്തുവരും. കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് സർക്കാർ ഭൂമിയിലെ കയ്യേറ്റം അടക്കമുള്ള ആരോപണങ്ങളും ഉയർന്നുവന്നത്. ഇത് പരിശോധിക്കാൻ കലക്ടർ ഡോ.എ.കൗശിക്കിനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തുകയായിരുന്നു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്.
രാജഭൂമിയായിരുന്ന ഈ സ്ഥലം പിന്നീട് സർക്കാർ ഭൂമിയായി നിജപ്പെടുത്തിയിരുന്നു. ഇതിൽ കുറച്ച് പിന്നീട് ദേശീയപാതയ്ക്ക് വിട്ടുനൽകി. ദിലീപ് ഭൂമി കയ്യേറിയതായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നിരുന്നുവെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല.  സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ നൽകിയ ഒരേക്കർ സ്ഥലം എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നാണ് ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് സ്ഥലം ചാലക്കുടി തോടും പുറമ്പോക്കും കയ്യേറി ഉള്ളതാണെന്ന റിപ്പോർട്ട് അന്ന് റവന്യൂ വകുപ്പ് പൂഴ്ത്തുകയായിരുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു.

Top