എന്റെ അച്ഛനെന്നും അമ്മയെ തല്ലും, അച്ഛന്‍ മോശം ആളാണ്, അച്ഛന്റെ അടി കിട്ടി എന്റെ അമ്മ എന്നും രാത്രി കരഞ്ഞു കൊണ്ടാണ് കിടക്കുന്നത്. ആരും ഞങ്ങളെ നോക്കാനില്ല, അമ്മാവന്‍ പോലും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല, ഇതാണ് എന്റെ കുടുംബം. പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്കിലെ ഒരു ഇംഗ്ലീഷ് മീഡിയം അഞ്ചാം ക്ലാസ്സില്‍ ഉപന്യാസമെഴുതാനായി എന്റെ കുടുംബം എന്ന വിഷയം നല്‍കിയപ്പോള്‍ പത്തു വയസ്സുകാരി എഴുതിയ കുറിപ്പാണിത്.
കുറിപ്പ് ഇതുകൊണ്ടു മാത്രം തീരുന്നില്ല, ഞാന്‍ വലുതാകുമ്പോള്‍ അമ്മയെ അച്ഛന്റെ സമീപത്തു നിന്നും ഏറെ അകലേക്ക് കൊണ്ടുപോകും, ഒരിക്കലും അച്ഛന് ഞങ്ങളെ ഉപദ്രവിക്കാന്‍ പറ്റാത്തത്രയും ദൂരെയെന്നും പറഞ്ഞാണ് കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.
ഇതുപോലൊരു കുറിപ്പ് കിട്ടിയപ്പോള്‍ ആദ്യം എന്തു ചെയ്യണമെന്ന് തനിക്കു മനസ്സിലായില്ല, പത്തു വയസ്സു മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടി എത്രത്തോളം മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നതെന്നോര്‍ത്ത് എന്റെ നെഞ്ചു പിടഞ്ഞു. ഉടന്‍ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിവരമറിയിച്ചു. പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛനേയും അമ്മയേയും സ്‌കൂളിലേക്കു വിളിച്ചുവരുത്തി. കൗണ്‍സിലിംഗിലൂടെ പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് കുട്ടിയുടെ ക്ലാസ്സ് അധ്യാപിക പറഞ്ഞു.
കുട്ടിക്കുള്ളത് പത്തു വയസ്സുകാരിയുടെ പക്വതയല്ല ഉള്ളത്, കാലങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന മാനസിക സംഘര്‍ഷമാണ് ഇതിലൂടെ കുട്ടി പങ്കു വച്ചതെന്ന് കൗണ്‍സിലിംഗിനു വിധേയാക്കിയ ഡോക്ടര്‍ പറഞ്ഞു. ഇതുപോലെ എന്തും തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള സൗഹൃദാന്തരീക്ഷവും അത് മനസ്സിലാക്കി പെരുമാറാനുള്ള അധ്യാപകരുമാണ് സ്‌കൂളില്‍ ആവശ്യമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.