ന്യൂഡല്‍ഹി: പട്ടിക ജാതിക്കാരെ ‘ദളിത്’ എന്നു വിളിക്കുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് അയച്ച കത്തില്‍, ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് മാധ്യമങ്ങള്‍ ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നു മന്ത്രാലയം ആവശ്യപ്പെടുന്നു. രണ്ടു കോടതി വിധികളെ അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ ഉത്തരവെങ്കിലും നിരോധനം വിവാദമായിട്ടുണ്ട്. ഒരു വാക്കു നിരോധിച്ചതുകൊണ്ടു ദളിത് സമൂഹത്തിന്റെ നില മെച്ചപ്പെടുന്നില്ലെന്നു രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു.
പട്ടികജാതിക്കാര്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിനെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മാധ്യമങ്ങള്‍ ഒരു പദം ഉപയോഗിക്കാതിരുന്നാല്‍ ദളിതുകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ ഇല്ലാതാകുന്നില്ല. മാധ്യമങ്ങള്‍ തീര്‍ച്ചയായും ഈ വാക്ക് ഉപയോഗിക്കുന്നതു തുടരണം എംഎല്‍എയായ ഉദിത് രാജ് പറഞ്ഞു. ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ ദളിത് വാക്ക് ഉപയോഗിക്കരുതെന്ന് ജനുവരിയില്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘പട്ടികജാതി’ അല്ലെങ്കില്‍ അതിന്റെ വിവര്‍ത്തനം ഉപയോഗിക്കണം എന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം മാര്‍ച്ചില്‍ സര്‍ക്കുലറിറക്കി. ജൂണ്‍ 6ന്, പ്രസ് കൗണ്‍സിലിലേക്കും മാധ്യമങ്ങളിലേക്കും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിന്റെ ഉത്തരവ്.