പാട്ന: ഇതര സമുദായംഗത്തിന്റെ വിവാഹ ചടങ്ങില്‍ ക്ഷണമില്ലാതെ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിന് മഹാദലിത് സമുദായംഗമായ യുവാവിനെ വെടിവച്ച് കൊന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് അതിദാരുണമായ കൊലപാതം നടന്നത്.
മുസാഫര്‍പുര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അഭി ചപ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. നവീന്‍ മാഞ്ചി (22) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ദലിത് സമുദായത്തിന്റെ വിവാഹചടങ്ങിലാണ് ഇദ്ദേഹം പങ്കെടുത്തത്. യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. വിവാഹവീട്ടിലെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഇത് സംബന്ധിച്ച് വരന്റെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടു.
വിവാഹ ചടങ്ങിലേക്ക് ക്ഷണമില്ലാതെ കയറി വന്ന മാഞ്ചി ഇവിടെ വച്ച് നൃത്തം ചെയ്തു. ഇതോടെ ബാരത് എന്ന ആചാരം നീണ്ടുപോയി. മാഞ്ചിയോട് നൃത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാളതിന് തയ്യാറായില്ലെന്നാണ് വാദം. ഇതേത്തുടര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മാഞ്ചി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എട്ട് കാറുകളും എട്ട് ഇരുചക്രവാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.