പോലീസിന്റെ അനാസ്ഥയ്ക്ക് ഇരയായി മറ്റൊരു ദലിത് പെണ്‍കുട്ടിയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മറച്ചു വച്ച് ആത്മഹത്യയാക്കി കേസ് ഒതുക്കി

പത്തനംതിട്ട: കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ അനാസ്ഥ കാട്ടുന്നു എന്ന പരാതി നിരന്തരം ഉയരുന്ന സാഹചര്യത്തിലാണ് റാന്നി പുല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനത്തില്‍ 2015 ഫെബ്രുവരി അഞ്ചിന് മരിച്ച അമ്പിളിയുടെ(18) കാര്യത്തില്‍ ദുരൂഹത ഏറുന്നത്. വാളയാറിലെ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിലും ഇതേ അനാസ്ഥയാണ് പോലീസ് കാണിക്കുന്നത്. പോലീസ് കുറ്റവാളികള്‍ക്കായി നിലകൊള്ളുന്നതായാണ് കാണാനാകുന്നത്. പ്രത്യേകിച്ചും ദലിതര്‍ക്ക് നേരെ ഗുരുതരമായ അനാസ്ഥയാണ് അധികാരികള്‍ കാണിക്കുന്നത്

മൃഗീയമായ ഒരു കൊലപാതകം. അതിനു സാഹചര്യത്തെളിവുകള്‍ നിരവധി. എന്നിട്ടും, അതു സ്വാഭാവിക മരണമാക്കി മാറ്റാനുള്ള ശ്രമത്തിന് പൊലീസ് കൂട്ടുനിന്നു എന്നാണ് റാന്നിയിലെ കള്ളക്കളിയും പറയുന്നത്. ഇത്തരം ഒത്തുകളികള്‍ എല്ലാ കാലത്തും പൊലീസില്‍ നടക്കാറുണ്ടെന്നാണ് ഈ സംഭവം നല്‍കുന്ന സൂചന. റാന്നി പുല്ലൂപ്രം കൃഷ്ണകൃപാ ബാലികാസദനത്തില്‍ 2015 ഫെബ്രുവരി അഞ്ചിന് ദുരൂഹസാഹചര്യത്തില്‍ മരിച്ച അമ്പിളിയുടെ(18) കേസാണ് പൊലീസ് ഒതുക്കിയത്. പ്രതിക്കൂട്ടില്‍ ആയിരിക്കുന്നത് അന്നത്തെ റാന്നി എസ്ഐ ലാല്‍ സി ബേബി, സ്ഥാപനം നടത്തിപ്പുകാര്‍ എന്നിവരാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമ്പിളിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായി പറയുന്നു. എന്നിട്ടും ഇതേപ്പറ്റി കൂടുതല്‍ അന്വേഷിക്കാതെ പൊലീസ് കേസ് ഫയല്‍ മടക്കി. ആത്മഹത്യയ്ക്കുള്ള വകുപ്പിട്ടാണ് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സ്വാഭാവിക മരണമാണെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും ബന്ധുക്കളില്‍നിന്ന് എഴുതി വാങ്ങിയെന്നും ആരോപണം ഉയരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലന്തൂരിലെ ഗവ. കോളജില്‍ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു പുതുശേരിമല തേവാരപ്പുര വീട്ടില്‍ വല്‍സലയുടെ മകള്‍അമ്പിളി. പിതാവ് മരണപ്പെട്ടതിനാലും വല്‍സല രോഗബാധിതയായിരുന്നതിനാലും പുല്ലൂപ്രത്തെ ബാലികാ സദനത്തില്‍ നിന്നാണ് പഠിച്ചിരുന്നത്. 2015 ഫെബ്രുവരി അഞ്ചിന് രാവിലെ 7.30 ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അമ്പിളി ഛര്‍ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. റാന്നി മേനാന്തോട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകിട്ട് നാലിന് മരിക്കുകയും ചെയ്തു.

അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ കെ. ശശികലയുടെ നിരീക്ഷണങ്ങള്‍ ഇവയായിരുന്നു. യോനി ഭാഗങ്ങളില്‍ മാരകമായ മുറിവുണ്ടായിരുന്നു. ഇരുകാതുകളിലും രക്തം ഉണങ്ങി കട്ടപിടിച്ചിരുന്നു. മലദ്വാരം വികസിച്ചിരുന്നു. ഇതിന് ചുറ്റും മുറിവുണ്ടായിരുന്നു. വലതു കൈവെള്ളയില്‍ മൈലാഞ്ചി കൊണ്ട് അച്ചു എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഇടതു കൈവെള്ളയിലും ഇതേ പോലെ എഴുതിയിട്ടുണ്ടെങ്കിലും വായിക്കാന്‍ സാധിക്കുന്നില്ല. ഇടതു നെഞ്ചിലായി കുത്തിവയ്പ് എടുത്തതിന്റെ പാടുണ്ടായിരുന്നു. ഇടതു കാല്‍പാദത്തില്‍ പൊള്ളലേറ്റിരുന്നു. ആമാശയത്തിനുള്ളില്‍ കറുത്ത നിറത്തിലുള്ള ഗന്ധരഹിതമായ ഒരു ദ്രാവകത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശരീരമാസകലം നഖം കൊണ്ട് അള്ളിക്കീറിയ മുറിവുകള്‍, അങ്ങിങ്ങായി നിരവധി കുത്തിവയ്പ് എടുത്തതിന്റെ പാടുകള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടലുകളില്‍ രക്തസാന്നിധ്യം കണ്ടെത്തി. ഗര്‍ഭപാത്രത്തില്‍ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ഇതിന്റെ ഭാമായി മുറിവും ചതവും രക്തസാന്നിധ്യവും ഗര്‍ഭാശയത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വന്നാലുടന്‍ അന്തിമ റിപ്പോര്‍ട്ട് തയാറാകുമെന്നുമാണ് ഫെബ്രുവരി 25 ന് ഡോ. ശശികല പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ഫോറന്‍സിക് പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട് ഇപ്പോഴൂം കോട്ടയം മെഡിക്കല്‍ കോളജില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. അത് റാന്നി പൊലീസ് കൈപ്പറ്റിയതായി അറിവില്ല. ഇതു കൂടിയില്ലാതെ പൊലീസ് എങ്ങനെ ആത്മഹത്യയ്ക്ക് കേസെടുത്തുവെന്നതാണ് ദുരൂഹമായി നിലനില്‍ക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍ പ്രകാരം ക്രൂരമായ ശാരീരിക പീഡനം അമ്പിളിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പൊലീസ് പറയുന്നതു പോലെ ജീവനൊടുക്കിയതാണെങ്കില്‍ പോലും അമ്പിളിയുടെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.

അമ്പിളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇലന്തൂര്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ബന്ധുക്കള്‍ പരാതിയുമായി മുന്നോട്ടു പോകാതിരുന്നതും പൊലീസിന് തുണയായി. എസ്ഐയായിരുന്ന ലാല്‍ സി ബേബിക്കെതിരേ ആണ് കേസൊതുക്കിയെന്ന ആരോപണം ഉയരുന്നത്. ഇദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡുകള്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളതാണെന്നാണ് പൊലീസ് സേനയിലും ഉള്ള സംസാരം. എന്തായാലും മിഷേലിന്റേത് അടക്കമുള്ള ദുരൂഹമരണം കേരളത്തിന്റെ പിടിച്ചുലയ്ക്കുമ്പോഴാണ് ഒരു ദലിത് പെണ്‍കുട്ടിയുടെ മരണം വാര്‍ത്തകളില്‍നിന്ന് അകന്നു പോയിരിക്കുന്നത്.

Top