ഗാസിപൂര്‍: ദലിതര്‍ക്ക് നേരെ രാജ്യത്ത് വീണ്ടും ഹിന്ദുത്വഭീകരരുടെ ക്രൂരത. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ജനക്കൂട്ടം ദലിത് യുവാക്കളെ ആക്രമിക്കുകയും മൊട്ടയടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നില്‍. സമീപത്തെ ക്ഷേത്രത്തിന് സമീപം അലഞ്ഞു തിരിഞ്ഞ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉമ (22), സോനു (22) എന്നിവരെ ജനക്കൂട്ടം ആക്രമിച്ചത്.
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ മര്‍ദ്ദിച്ചതിന് പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഗാസിപൂരിലെ റാസ്റാ ടൗണിലാണ് സംഭവം. പുലര്‍ച്ചെ 5 മണിയ്ക്ക് പശുക്കള്‍ക്കൊപ്പം യുവാക്കളെ കണ്ട ക്ഷേത്രത്തിലെ പൂജാരി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. മര്‍ദ്ദിക്കുകയും മുഖത്ത് ചായം പുരട്ടുകയും ചെയ്ത ശേഷം ‘പശുക്കള്ളന്മാര്‍’ എന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടി തൂക്കി നടത്തിക്കുകയായിരുന്നു.
ആരും വളര്‍ത്തുന്ന പശുക്കളല്ലെന്നും ക്ഷേത്രപരിസരത്ത് നിന്ന് മോഷ്ടിച്ചതിനാലാണ് കേസെന്നും റാസ്റ സര്‍ക്കിള്‍ ഓഫീസര്‍ അവധേഷ് കുമാര്‍ ചൗധരി പറഞ്ഞു. പശുക്കളെ എന്തിന് വേണ്ടിയാണ് മോഷ്ടിച്ചതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.