ഏഴുവയസുകാരനെ മര്‍ദ്ദിച്ച വ്യക്തി ഒരു കൊലക്കേസിലും പ്രതി..!! എപ്പോഴും ആയുധം സൂക്ഷിക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തി

തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസുകാരനെ മര്‍ദിച്ചയാള്‍ കൊലക്കേസിലും പ്രതിയാണെന്നു റിപ്പോര്‍ട്ട്. ബിയര്‍ കുപ്പി വച്ച് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടില്ല. 2008ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണു കേസെടുത്തത്. 2007ല്‍ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ് നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്. ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യില്‍ സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തു.

ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുമ്പാണ് മരണമടഞ്ഞത്. തൊടുപുഴയില്‍ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ഇയാള്‍ ഒരു സുപ്രഭാതത്തില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നീടാണ് ഭര്‍ത്താവിന്റെ ബന്ധുവായ അരുണ്‍ ആനന്ദ് യുവതിക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചേരുന്നത്.

യുവതിയെക്കുറിച്ചും അവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പെരിങ്ങാശേരി സ്‌കൂളിലെ അധ്യാപികയായിരുന്നു യുവതിയുടെ അമ്മ. അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. ഇയാള്‍ യുവതിയെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് യുവതിയുടെ കല്യാണം നടക്കുന്നത്. ഇതിനുശേഷം ഭാര്യവീട്ടിലായിരുന്നു ഭര്‍ത്താവ് താമസിച്ചിരുന്നത്.

എട്ടുമാസം മുമ്പൊരു പുലര്‍ച്ചെ ഭര്‍ത്താവ് മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. നല്ല ആരോഗ്യവാനായിരുന്ന യുവാവ് പെട്ടെന്ന് മരിച്ചതില്‍ നാട്ടുകാര്‍ക്ക് അന്ന് വലിയ സംശയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചശേഷമാണ് ബന്ധുവായ അരുണ്‍ യുവതിയുടെ വീട്ടിലെ സ്ഥിര സന്ദര്‍ശകനാകുന്നത്.

ആണ്‍തുണയില്ലാത്ത കുടുംബത്തിന് ഒരു സഹായിയാണെന്നാണ് യുവതി ഇയാളുടെ വരവിനെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ പതിയെ കുടുംബത്തിലെ നിയന്ത്രണം അരുണ്‍ ഏറ്റെടുത്തു. ഇടയ്ക്ക് അധ്യാപികയായ യുവതിയുടെ അമ്മയുമായി പ്രശ്നമായതോടെ ഇവര്‍ പെരിങ്ങാശേരിയിലെ വീട്ടില്‍ നിന്നിറങ്ങി. മാസങ്ങള്‍ക്കു മുമ്പാണ് കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.

ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കളുടെ മകളായിരുന്നെങ്കിലും യുവതി ഡിഗ്രി വരെ മാത്രമാണ് പഠിച്ചിരുന്നത്. ഇക്കാലയളവില്‍ ചില ജനപ്രിയ സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിരുന്നു. പെരിങ്ങാശേരി ഭാഗത്ത് സീരിയല്‍ താരമായ യുവതിയുടെ ഫ്ളെക്സ് ബോര്‍ഡുകള്‍ അടുത്തകാലത്തു വരെ ഉണ്ടായിരുന്നു. വിവാഹശേഷം പിന്നീട് അഭിനയിക്കാനൊന്നും യുവതി പോയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവതിയുടെ അച്ഛനും ചില സിനിമകളില്‍ തലകാണിച്ചിട്ടുണ്ട്.

യാതൊരു അസുഖങ്ങളും ഇല്ലാതിരുന്ന ആരോഗ്യവാനായ യുവാവ് എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെരിങ്ങാശേരിക്കാര്‍ക്കും തൊടുപുഴയിലെ യുവാവിന്റെ കൂട്ടുകാര്‍ക്കും ആളെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. മരണത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും കൂട്ടുകാരും പരാതി നല്കാനൊരുങ്ങുകയാണ്. യുവതിയുടെ അമ്മ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സജീവ അംഗം കൂടിയാണ്.

Top