ഏഴ് മാസം മാത്രം പ്രായമുള്ള മകനെ ഭര്‍ത്താവ് വില്‍ക്കാന്‍ ശ്രമിച്ചതിനെ തടഞ്ഞ യുവതി നേരിട്ടത് കൊടിയ പീഡനം

 

കുപ്പള :ഏഴ് മാസം പ്രായമുള്ള മകനെ ഭര്‍ത്താവ് വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറിങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍. കര്‍ണ്ണാടകയിലെ ഗദഗ് സ്വദേശിനിയായ റുക്‌സാനയ്ക്കാണ് തന്റെ മക്കളെ സംരക്ഷിക്കുന്നതിനിടെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. റുക്‌സാനയുടെ ഭര്‍ത്താവ് ഖാദര്‍ തികഞ്ഞ മദ്യപാനിയായിരുന്നു. ഞായറാഴ്ച രാവിലെ ഹുബ്ലി സ്വദേശിയായ ഒരു വ്യക്തി ഒന്നരലക്ഷം രൂപയുമായി ഇവരുടെ വീട്ടില്‍ എത്തുകയും റുക്‌സാനയോട് ഏഴ് മാസം പ്രായമുള്ള മകനെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒന്നരലക്ഷം രൂപ തന്നാല്‍ കുട്ടിയെ തനിക്ക് തരാമെന്ന് ഖാദര്‍ പറഞ്ഞിരുന്നതായും അപരിചിതനായ വ്യക്തി പറഞ്ഞു. ഇതേ തുടര്‍ന്ന് പരിഭ്രാന്തയായ യുവതി ഒച്ച വെച്ച് നാട്ടുകാരെ വിളിച്ച് കൂട്ടുകയും ഖാദര്‍ വരുന്നതിന് മുന്നെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. റുക്‌സാനയുടെ പിതാവ് നേരത്തേ മരിച്ച് പോയതാണ്. ഇതേ തുടര്‍ന്ന് മാതാവ് സഹോദരങ്ങളുടെ കൂടെയാണ് താമസിക്കുന്നത്. എന്നാല്‍ റുക്‌സാന ഇവരോട് പലപ്പോഴായി പണം കടം വാങ്ങിയിരുന്നു. ഗത്യന്തരമില്ലാതെ കുട്ടികളുമായി ഇവരുടെ വീട്ടിലേക്ക് കടന്ന് ചെന്ന റുക്‌സാനയേയും മക്കളേയും പണത്തിന്റെ പേര് പറഞ്ഞ് ഇവര്‍ മര്‍ദ്ദിക്കാനും അസഭ്യം പറയുവാനും തുടങ്ങി. അവസാനം മറ്റ് വഴികളില്ലാതെ യുവതി കുപ്പള റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ കുട്ടികളുമായി അഭയം തേടി. യുവതിയുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് റുക്‌സാനയോട് നടന്ന കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. പിന്നീട് ശിശു സംരക്ഷണ സമിതി അധികൃതര്‍ വന്ന് യുവതിയേയും കുട്ടികളേയും അനാഥാലയത്തില്‍ പ്രവേശിപ്പിച്ചു.

Top