സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ അച്ഛനും സഹോദരനും അമ്മാവനും പൊലീസ് പിടിയില്‍. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരകൃത്യം നടന്നത്. വിദ്യാര്‍ത്ഥിനികളായ 11ഉം, 12ഉം വയസ്സുള്ള സഹോദരിമാരാണ് രക്ഷിതാക്കളുടെ തന്നെ പീഡനത്തിന് ഇരയായത്. മാതാപിതാക്കളും മൂന്ന് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

പിതാവായ 48 കാരന്‍, 21 കാരനായ സഹോദരന്‍, 46 കാരനായ അമ്മാവന്‍ എന്നിവരാണ് അറസ്റ്റിലാണ്. ഇവര്‍ ചേര്‍ന്നാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. 2017 മുതല്‍ നിരവധി തവണ സ്വന്തം വീട്ടില്‍വച്ചാണ് പിതാവും സഹോദരനും ഇവരെ പീഡിപ്പിച്ചത്. അമ്മാവന്‍ അയാളുടെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.

പീഡനം സഹിക്കാനാകാതെ ഇരുവരും സ്വന്തം വീട്ടില്‍ നിന്ന് മാറി ഇപ്പോള്‍ താമസിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും വനിതാ എസ്ഐയും പെണ്‍കുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനസംഭവങ്ങള്‍ പുറത്തുവന്നത്. അച്ഛന്റെ പീഡനം സഹോദരനോട് പറഞ്ഞപ്പോള്‍ അവനും പീഡനം തുടങ്ങുകയായിരുന്നു. അമ്മവാനോട് പരാതിപ്പെട്ടപ്പോള്‍ ക്രൂരത ഇരട്ടിയായി. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് പീഡനം തുടങ്ങുകയായിരുന്നു. ഇതോടെയാണ് എല്ലാം തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചത്.

തങ്ങളോട് കൂടുതല്‍ ക്രൂരത കാട്ടിയത് അമ്മാവനാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. തുടര്‍ന്ന് ആലക്കോട് സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ പ്രകാരം അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എസ്ഐ മാരായ പി. സുനില്‍കുമാര്‍, കെ. പ്രഭാകരന്‍, എഎസ്‌ഐ ഗോവിന്ദന്‍ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ട്.

Top