എട്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്: 3 സഹോദരിമാര്‍ക്ക് ദാരുണാന്ത്യം; അന്വേഷിച്ച പൊലീസിനോട് അമ്മ ചോദിച്ചതും ഭക്ഷണം

ന്യൂഡല്‍ഹി: എട്ടു ദിവസമായി ഭക്ഷണം ലഭിക്കാതെ രാജ്യതലസ്ഥാനത്തു സഹോദരികളായ മൂന്നു കുട്ടികള്‍ വിശന്നു മരിച്ചു. എട്ടും നാലും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അനക്കമറ്റ കുട്ടികളെയുമെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കുട്ടികള്‍ മരിച്ചതെങ്ങനെയെന്ന് അന്വേഷിച്ച പൊലീസുകാരോട് ആ അമ്മ ദയനീയ സ്വരത്തില്‍ പറഞ്ഞു: ‘എനിക്കു കുറച്ച് ആഹാരം തരുമോ..?’

കുട്ടികളുടെ അമ്മയാണ് ഇവരെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ കൊണ്ടുവന്നത്. പട്ടിണിമൂലമാണ് കുട്ടികള്‍ മരിച്ചതെന്ന നിഗമനത്തിലാണ് പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ എത്തിയത്. പശ്ചിമബെംഗാളില്‍നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറി പാര്‍ത്ത ദമ്പതികളുടെ മക്കളാണിവര്‍. ജൂലായ് 23നാണ് സംഭവം.

എട്ടുദിവസമായി കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടത്തിലാണ് പട്ടിണിമൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ‘അവരുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശമേയുണ്ടായിരുന്നില്ല. അവരുടെ വയര്‍ പൂര്‍ണമായും ശൂന്യമായിരുന്നു. പോഷകാഹാരക്കുറവിന്റെ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടികള്‍- ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അമിത സക്സേനയെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ ലോകത്തിന് നെറുകയിലേക്കെന്ന് കൊട്ടിഘോഷിക്കുമ്പോഴും രാജ്യതലസ്ഥാനത്തിന് മൂക്കിന് താഴെ കുരുന്നുകള്‍ പട്ടിണിമൂലം മരിച്ചുവീഴുന്നുവെന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ ഈ സഹോദരിമാരുടെ മരണം. പാര്‍ലമെന്റും രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്ള അതേ ഡല്‍ഹിയില്‍. സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലാണ് കുട്ടികള്‍ മരിച്ചുവീഴുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ഡെല്‍ഹിയിലെ മണ്ഡേവാലിയിലാണ് ഈ കുട്ടികളും മാതാപിതാക്കളും കഴിഞ്ഞിരുന്നത്. കുട്ടികളുടെ അമ്മയും കുടുംബസുഹൃത്തും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചത്.. ഞെട്ടിപ്പിക്കുന്ന നിഗമനങ്ങളിലേക്കാണ് കുട്ടികളുടെ മരണം വിരല്‍ ചൂണ്ടിയത്. ദിവസങ്ങളായി കുട്ടികളുടെ വയറ്റില്‍ ഭക്ഷണം എത്തിയിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മരുന്നുകുപ്പികളും അതിസാരത്തിനുള്ള ഗുളികകളുമാണ് കണ്ടെത്താനായത്. കഴിഞ്ഞകുറച്ചു ദിവസങ്ങളായി ഇളയ രണ്ടുപെണ്‍കുട്ടികള്‍ക്കും അസുഖബാധിതരായിരുന്നു. ഛര്‍ദിയും അതിസാരവും ഇവരെ ബാധിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മുതിര്‍ന്നകുട്ടി എങ്ങനെയാണ് അസുഖബാധിതയായതെന്ന കാര്യം വ്യക്തമല്ല.

ബംഗാളില്‍ നിന്നുള്ളതാണ് ഇവരുടെ കുടുംബം. കുട്ടികളുടെ അമ്മ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാളാണ്. അച്ഛന് റിക്ഷാ വലിക്കാരനാണ്. ഇയാള്‍ വാടകയ്ക്ക് എടുത്ത റിക്ഷ അടുത്തിടെ മോഷണം പോയിരുന്നു. ഇതോടെ ജോലി അന്വേഷിച്ച് ദൂരസ്ഥലങ്ങളില്‍ പോയി ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറ്. ഇങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച്ച കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയാണ് പിതാവ് വീട് വിട്ടത്. ബുധനാഴ്ച്ചയാണ് കുട്ടികള്‍ മരിക്കുന്നത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

2014ല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 2009നും 2012നും ഇടയില്‍ 135 കുട്ടികളാണ് ഡല്‍ഹിയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ ചീഫ് രജിസ്ട്രാര്‍ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2009ലെ കുട്ടികളുടെ മരണനിരക്ക് രണ്ടും 2010ല്‍ എത്തുമ്പോള്‍ ഇത് പതിനാലും ആണ്. 2011ല്‍ 54 കുട്ടികളും 2012ല്‍ എത്തിയപ്പോള്‍ 65 പേരും പോഷകാഹാരക്കുറവുമൂലം മരിച്ചു.

Top