അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന സൂചന നല്‍കി മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ദാവൂദിനെ പിടികൂടാന്‍ പാകിസ്താന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് മുന്‍ പാക് പ്രസിഡന്‍റ് കൂടിയായ പര്‍വേസ് മുഷറഫ് ചോദിക്കുന്നത്. ദാവൂദ് ഒരു പക്ഷേ പാകിസ്താനില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുമെന്നും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ദാവൂദ് പ്രതികരിക്കുന്നുണ്ടെന്നും മുഷറഫ് പറയുന്നു. ഒരു പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷഖറഫിന്‍റെ പ്രതികരണം.
ഇതോടെ അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനിലുണ്ടെന്നതിന്‍റെ ഉറച്ച സൂചനകളാണ് മുഷറഫ് നല്‍കുന്നത്. 1993ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ദാവൂദിന് അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈ സ്ഫോടനത്തോടെ ഇന്ത്യ വിട്ട ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കിയെന്ന് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. പിന്നീട് ദാവൂദിന്‍റെ പാക് പാസ്പോര്‍ട്ട് പാകിസ്താനില്‍ നിന്ന് ദുബായിലേയ്ക്ക് സഞ്ചരിച്ച രേഖകള്‍, ഭാര്യയുടെ പേരിലുള്ള വൈദ്യുതി ബില്‍ എന്നിവയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദാവൂദ് പാകിസ്താനില്‍ കഴിയുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ വിചാരണയ്ക്കായി വിട്ടുനല്‍കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യറാവാത്ത പാകിസ്താന്‍ ഇന്ത്യ വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു.