ഒടുവിൽ പാകിസ്ഥാൻ ഭയന്നു ! ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി.

ന്യൂഡൽഹി: ഒടുവിൽ പാകിസ്ഥാൻ ഭയന്നു . കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പരസ്യമായി തുറന്നു പറഞ്ഞ് പാകിസ്താന്‍. എഫ്എടിഎഫിന്റെ നിര്‍ദ്ദേശ പ്രകാരം ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി പുറത്തുവിട്ട പട്ടികയിലാണ് ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇതോടെ ദാവൂദ് ഇബ്രാഹിമിന് സംരക്ഷണം നല്‍കുന്നത് പാകിസ്താന്‍ ആണെന്ന് ലോകത്തിന് മുഴുവന്‍ വ്യക്തമായിരിക്കുകയാണ്. ഐക്യ രാഷ്ട്രസഭയുടെ പ്രമേയപ്രകാരം 88 തീവ്രവാദികൽക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്കിസ്ഥാൻ സർക്കാർ ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

1993 ലെ മുംബൈ ബോംബാക്രമണത്തിനു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. തീവ്രവാദികളെ ഉപരോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ദാവൂദ് ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും.ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടും അഭയം നൽകിയിട്ടില്ലെന്ന നിലപാടാണ് പാകിസ്ഥാൻ ഇതുവരെ സ്വീകരിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് യു.എൻ സമയം അനുവദിച്ചത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിൽ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

ദാവൂദ് പാക് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈ രേഖകളുടെ ആധികാരികത ഉറപ്പാനായിട്ടില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പ്ലീനറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.

ദാവൂദിന് പുറമെ മുല്ല ഫസലുള്ള, സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി, മുഹമ്മദ് യാഹ്യ മുജാഹിദ്, അബ്ദുള്‍ ഹക്കീം മുറാദ്, നൂര്‍ വാലി മെഹ്‌സൂദ്, ഫസല്‍ റഹീം ഷാ, താലിബാന്‍ നേതാക്കളായ ജലാലുദീന്‍ ഹഖാനി, ഖാലില്‍ അഹമ്മദ് ഹഖാനി, യാഹ്യാ ഹഖാനി, ഇബ്രാഹിം എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ഭീകരർ.

Top