ശശി തരൂർ വിഷയത്തിൽ നേതാക്കൾക്ക് എതിരെ ആഞ്ഞടിച്ച് കോട്ടയം ഡി.സി.സി.വൈസ് പ്രസിഡൻ്റ് പി.ജെ.വർക്കി. ശശി തരൂർ നേതൃത്വത്തിൽ എത്തിയാൽ കേരളത്തിലെ പല നേതാക്കളുടെയും പ്രസക്തി നഷ്ടപ്പെടും. ഉമ്മൻചാണ്ടി വിഷയത്തിൽ സ്വീകരിക്കുന്നത് സമദൂരമാണെന്നും പി.ജെ. വർക്കി വ്യക്തമാക്കി.
കോൺഗ്രസ് ഈ നാട്ടിൽ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ നേതാക്കൾക്ക് ആ ആഗ്രഹമില്ല. കോൺഗ്രസിൽ നേതാക്കൾക്ക് ക്ഷാമമില്ല. പക്ഷേ നേതൃത്വമില്ലെന്നും പി.ജെ.വർക്കി തുറന്നടിച്ചു.
ഒരുപറ്റം നേതാക്കൾ ഖാർഗെയെ പിന്തുണയ്ക്കുന്നത് സ്ഥാനമാനങ്ങൾ ലക്ഷ്യം കണ്ട്. ഉമ്മൻചാണ്ടി ശശി തരൂരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും പി.ജെ.വർക്കി പറഞ്ഞു.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ജില്ലയിലെ മുതിർന്ന നേതാവും കോട്ടയം ഡി.സി.സി. വൈസ് പ്രസിഡൻ്റുമായ പി.ജെ.വർക്കി രംഗത്ത് വന്നത്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ നേതാക്കളാണ് തരൂരിനെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.