
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ലെന്ന് ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പറഞ്ഞു .പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്ക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിശദീകരണം നല്‍കാന്‍ മുന്‍ കൊച്ചി ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായി വിശദീകരണം കൊടുക്കുകയായിരുന്നു. സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്തവരെ നീക്കുക മാത്രമാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നേരത്തെ വിശദീകരണം പത്രികയായി സമര്‍പ്പിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടതോടെയാണ് ഡിസിപി കമ്മീഷന് മുമ്പാകെ ഹാജരായത്.
ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമെ ചെയ്തിട്ടുളളുവെന്നാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. പൊലീസ് വാഹനത്തിന് തടസം നിന്ന് പ്രതിഷേധിച്ച പുരുഷന്മാരായ സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് അവരെ നീക്കം ചെയ്തത്. ഇവര്‍ ഇവിടെ നിന്നും മാറാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റേണ്ടി വന്നത്. ഹൈക്കോടതിയില്‍ അടക്കം കയറി പ്രതിഷേധിക്കാനുളള സാഹചര്യവും ഉണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടിയും പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്താനുളള നീക്കമുണ്ടായിരുന്നതായും വിശദീകരണത്തില്‍ ഡിസിപി വ്യക്തമാക്കുന്നു.
പുതുവൈപ്പിനിലെ സമാധാന സമരം അക്രമാസക്തമാക്കിയത് പൊലീസിന്റെ ഇടപെടലാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് നിയമം നടപ്പിലാക്കിയാല്‍ മതി. ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും പൊലീസ് അതിക്രമം മറയ്ക്കാനാണ് സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് പറയുന്നതെന്നും ഡിസിപിയുടെ ആദ്യ വിശദീകരണം കേട്ട ശേഷം നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന വാദം അതിക്രമത്തെ ന്യായീകരിക്കാനാണ്. പൊലീസിന്റെ ലാത്തിച്ചാര്‍ജിനെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ജൂലൈ 17ന് ഹാജരാകാനാണ് ആദ്യം യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും അന്ന് വിശദീകരണം അഭിഭാഷകന്‍ മുഖേനെ ഹാജരാക്കുകയായിരുന്നു.