അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി

ഹിമാലയത്തില്‍ തകര്‍ന്നു വീണ വിമാന അവശിഷ്ടങ്ങള്‍ക്കടുത്ത് നിന്ന് സൈനികന്റെ മൃതശരീരം കണ്ടെത്തി. 1968 ഫെബ്രുവരി ഏഴിന് 102 യാത്രക്കാരുമായി പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍12 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. ചണ്ഡിഗഢില്‍ നിന്ന് ലേയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്നത്. പര്‍വതാരോഹക സംഘമാണ് ഈമാസം ഒന്നിന് വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ക്കൊപ്പം മൃതദേഹവും കണ്ടെത്തിയത്.

ചന്ദ്രഭംഗ13 കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6,200 മീറ്റര്‍ ഉയരത്തിലുള്ള ധാക്ക ബേസ് ക്യാമ്പിന് സമീപത്തായാണ് വിമാന അവശിഷ്ടം കാണപ്പെട്ടത്. ഇതിന് സമീപത്തായിരുന്നു മൃതദേഹവും. തുടര്‍ന്ന് ഇവര്‍ കരസേനയെ വിവരമറിയിക്കുകയായിരുന്നു. 1968ല്‍ ലേയിലേക്കുള്ള യാത്രാ മദ്ധ്യയാണ് വിമാനം കാണാതായത്. പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചുവരാന്‍ പൈലറ്റ് തീരുമാനിച്ച ശേഷമായിരുന്നു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. റോത്താംഗ് പാസില്‍ വച്ചായിരുന്നു ഏറ്റവുമൊടുവില്‍ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത്. അപകടം നടന്ന് 35 കൊല്ലത്തിനു ശേഷം 2003 ല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ധാക്ക മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മണാലിയിലെ എബിപി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നീയറിങ് ആന്‍ഡ് അലൈഡ് സ്‌പോര്‍ട്‌സിന്റെ സംഘമാണ് അത് കണ്ടെത്തിയത്. തുടര്‍ന്ന് 2007 ല്‍ കരസേനയുടെ പ്രത്യേകസംഘം മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം സൈനികനായിരുന്ന ബേലി റാമിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top