ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത നീങ്ങുന്നില്ല. നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപത്തുനിന്നാണ് ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെത്തിയത്. റോഡിനുസമീപമുള്ള താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശിവദാസന്റെ മരണം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന ലാത്തി ചാര്‍ജ്ജിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. എന്നാല്‍ ഈ ആരോപണം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. മരണത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബര്‍ 16 നും 17 നുമാണ് നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത്. എന്നാല്‍, ശിവദാസിനെ കാണാതായത് 18 മുതലാണെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പത്തനംതിട്ട ളാഹ പഞ്ചായത്തിലെ ളാഹയിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍, ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. പൊലീസ് നടപടിയെ തുടര്‍ന്ന് ഇയാളെ കാണാതായി എന്ന പ്രചാരണം ശരിയല്ല. പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു.
മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായതെന്ന ചോദ്യവും ഉയരുന്നു. 18 ന് രാവിലെ 8.30 ഓടു കൂടിയാണ് പന്തളം മുളമ്പുഴ മുറി.ില്‍ ശരത് ഭവനില്‍, ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് മകന്‍ ശരത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാ മലയാള മാസം ഒന്നാംതീയതിയും ശിവദാസന്‍ ദര്‍ശനത്തിനായി പോകാറുണ്ട്. 19 ന് രാവിലെ ശിവദാസന്‍ ഭാര്യയെ വിളിച്ച് സന്നിധാനത്ത് തൊഴുതിട്ട് നില്‍ക്കുകയാമെന്ന് പറഞ്ഞു. ഏതോ തമിഴ്നാട്ടുകാരുടെ ഫോണില്‍ നിന്നാണ് വിളിച്ചുപറഞ്ഞത്. എല്ലാ പ്രാവശ്യവും ശബരിമലയ്ക്ക് പോയി മൂന്നു ദിവസത്തിനുള്ളില്‍ ഇയാള്‍ തിരിച്ചുവരുന്നതാണ്. ലൂണ എക്സല്‍ വണ്ടിയിലാണ് ശിവദാസന്‍ ശബരിമലയ്ക്ക് പോകാറുള്ളത്.
ശിവദാസന്‍ മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് പമ്പയിലും നിലയ്ക്കലിലും ളാഹയിലും സന്നിധാനത്തുമെല്ലാം കുടുംബക്കാര്‍ അന്വേഷിച്ചിരുന്നു. ശിവദാസന്‍ ലോട്ടറി എടുക്കുന്ന കടയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശബരമില ദര്‍ശനത്തിന് പോകുമ്പോള്‍ ശിവദാസന്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളില്‍ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യ – ലളിത, മകന്‍ ശരത് ഓട്ടോ ഓടിക്കുകയാണ്.