കറാച്ചി:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുന്‍ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിക്കുന്നത്. രാജ്യദ്രോഹ വകുപ്പ് പ്രകാരം വിചാരണ ചെയ്ത കേസിലാണ് ശിക്ഷ.
2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായ അദ്ദേഹം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. 2013 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫിന് മത്സരിക്കാനായില്ല. നാഷനൽ അസംബ്ലിയിലേക്കു മൽസരിക്കാൻ നൽകിയ എല്ലാ പത്രികകളും തള്ളപ്പെട്ടു. തൊട്ടു പിന്നാലെ അറസ്‌റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലായി. ഇപ്പോള്‍ നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിലാണ് മുഷറഫ്.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷറഫിനെതിരായ നിയമ നടപടി ആരംഭിച്ചത്. വിധി വന്നെങ്കിലും മുഷറഫിനെതിരായ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം അദ്ദേഹം 2016ല്‍ ദുബായിലേക്ക് പോയതാണ്. ചികില്‍സാവശ്യാര്‍ഥം ദുബായില്‍ പോയ മുഷറഫ് പിന്നീട് തിരിച്ചുവന്നിട്ടില്ല. രാജ്യദ്രോഹ കേസില്‍ ഡിസംബര്‍ അഞ്ചിന് മുഷറിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുഷറഫ് അപ്പീല്‍ സമര്‍പ്പിച്ചു.
തന്റെ അഭാവത്തില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ലാഹോര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യം വീണ്ടെടുത്ത് കോടതിയില്‍ ഹാജരാകുന്നത് വരെ തനിക്കെതിരെ നടപടികളുണ്ടാകരുത് എന്നും മുഷറഫ് സമര്‍പ്പിച്ച അപ്പീലില്‍ അഭ്യര്‍ഥിച്ചിരുന്നു. മുഷറഫിനെതിരെ നിയമ നടപടി സ്വീകരിച്ച നവാസ് ഷരീഫ് നിലവില്‍ ലണ്ടനില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തെ അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കുകയും ലണ്ടനില്‍ ചികില്‍സയ്ക്ക് പോകാന്‍ അനുവദിക്കുകയുമായിരുന്നു. മുഷറഫിനെതിരെ നടപടി ആരംഭിച്ചതോടെ തന്റെ പിതാവിനെ ചിലര്‍ ലക്ഷ്യമിട്ടിരുന്നുലെന്ന് നവാസിന്റെ മകള്‍ മറിയം ആരോപിച്ചിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.