പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്ത കേസുകളിലെ വധശിക്ഷ ആറ് മാസത്തിനകം നടപ്പിലാക്കണം; നിയമ ഭേതഗതി കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ പ്രതികള്‍ക്കെതിരായ വിധി എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് വനിതാ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ച കേസുകളിലെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കമ്മീഷന്‍. ഇതിനായി നിയമത്തില്‍ ഭേതഗതി വരുത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.

ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കുമെന്നും സ്വാതി പറഞ്ഞു. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ട ബലാത്സംഗത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുയായിരുന്നു അവര്‍. ”നിര്‍ഭയ മരിച്ചിട്ട് അഞ്ച് വര്‍ഷം തികഞ്ഞു. പക്ഷേ, രാജ്യത്തെ ഒന്നിനും മാറ്റമുണ്ടായിട്ടില്ല. എല്ലാദിവസും പെണ്‍കുട്ടികളും സ്ത്രീകളും ക്രൂര ബലാത്സംഗത്തിനിരയാകുന്നു. ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതികള്‍ സ്ഥാപിക്കണം. ഫൊറന്‍സിക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കണം. കൂടാതെ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി, ലെഫ്റ്റനന്റ് ഗവര്‍ണര്‍, മുഖ്യമന്ത്രി, പോലീസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ പ്രതിനിധി എന്നിവരുള്‍പ്പെട്ട ഉന്നതതല സമിതി രൂപവത്ക്കരിക്കണം” പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്വാതി ആവശ്യപ്പെട്ടു.

നിര്‍ഭയഫണ്ട് ഇതുവരെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്നും സ്വാതി വിമര്‍ശിച്ചു. എത്രയും വേഗം ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള പദ്ധതികള്‍ പരാജയപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2012 ഡിസംബര്‍ 12നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന നിര്‍ഭയ ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. 13 ദിവസത്തിനു ശേഷം സിങ്കപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതിയായ രാംസിങ് 2013ല്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ കഴിഞ്ഞ വര്‍ഷം ദുര്‍ഗുണ പാഠപരിഹാരശാലയില്‍ നിന്ന് പുറത്തിറങ്ങി. മറ്റുപ്രതികളായ അക്ഷയ്, വിനയ് ശര്‍മ, പവന്‍, മുകേഷ് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു.

Top