തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് വധഭീഷണിയുമായി ഫോണ്‍കോള്‍ എത്തുന്നത്. തുടര്‍ന്ന് ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാനെയും ബന്ധപ്പെടുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉത്തരവിട്ടു.
ഭീഷണിപ്പെടുത്തിയയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായാണ് സൂചന. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ ഭീഷണി സന്ദേശമെത്തിയത് കണ്ണൂരില്‍നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
മുഖ്യമന്ത്രി ചെന്നൈ ആശുപത്രിയിലായിരുന്നപ്പോഴായിരുന്നു സംഭവം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉടന്‍ തമിഴ്‌നാട് ക്യൂബ്രാഞ്ച് പൊലീസ് അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
ശനിയാഴ്ചതന്നെ തിരുവനന്തപുരം എ.കെ.ജി. സെന്ററിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും സുരക്ഷ കര്‍ശനമാക്കി. ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
ഭീഷണിസന്ദേശം ലഭിച്ചെന്നും പൊലീസ് ഗൗരവത്തോടെ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു.