ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം വേണം:വര്‍ഗീയതക്കെതിരെ മുഖ്യമന്ത്രിയുടെ മൗനം അപകടകരം- പിണറായി

കണ്ണൂര്‍:വര്‍ഗീയ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് വര്‍ഗീയത വളര്‍ന്നു വരുന്നതിനെതിരെ മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ മൗനം ഉത്കണ്ഠ പകരുന്നതാണെന്നും പിണറായി പറഞ്ഞു.

മതേതരത്വം സംരക്ഷിക്കപ്പെടേണ്ട സാഹചര്യമാണിത്. അതിനുവേണ്ടി പ്രതികരിക്കാതിരിക്കുമ്പോള്‍ വിമര്‍ശനം സ്വാഭാവികം. അത് ഉള്‍ക്കൊണ്ട് തിരുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. അതാണ് നാടിന് ഗുണകരമെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ്- എസ്എന്‍ഡിപി ബന്ധത്തിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണ്‍. ഇതുവഴി ഭരണത്തുടര്‍ച്ച ഉമ്മന്‍ചാണ്ടി ലക്ഷ്യം വെക്കുബോള്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും പിണറായി ആരോപിച്ചു.

അടിയന്തരാവസ്ഥ വര്‍ഗീയ ശക്തികള്‍ക്ക് മുന്നോട്ടു വരാന്‍ അവസരമുണ്ടാക്കി. വിപി സിംഗ് സര്‍ക്കാരിനെ കോണ്‍ഗ്രസ് താഴെയിറക്കിയത് ബിജെപിക്കൊപ്പം ചേര്‍ന്നാണ്. അക്കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. കോണ്‍ഗ്രസിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മ‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മുന്‍ ശിവഗിരി മഠാധിപതി ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ കളിപ്പാവയാണെന്നാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കരുതുന്നതെന്നും പിണറായി പറഞ്ഞു.

മാസങ്ങളായി തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. വിഷയത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ച് സമരം അവസാനിപ്പിക്കുകയാണ് വേണ്ടത്. പരമ്പരാഗത വ്യവസായ മേഖലകളിലും തുച്ഛമായ കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തോട്ടം മേഖലയോടൊപ്പം തന്നെ സര്‍ക്കാര്‍ ഇതിനും പരിഹാരം കാണണെന്നും പിണറായി പറഞ്ഞു.

Top