മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; രണ്ടുലക്ഷം രൂപയുടെ വായ്പാത്തട്ടിപ്പു നടത്താന്‍ ഉപയോഗിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോട്ടോയും വ്യാജ ഒപ്പും

vellappalli

വയനാട്: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ പെട്ടുപോയത് ഒന്നുമറിയാത്ത പാവങ്ങളാണ്. രണ്ടുലക്ഷം രൂപയുടെ തട്ടിപ്പ് നടത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോട്ടോയും വ്യാജ ഒപ്പും ഉപയോഗിച്ചുവെന്നാണ് പറയുന്നത്.

പിന്നോക്ക വികസന കോര്‍പറേഷന്റെ മീനങ്ങാടി ഓഫീസില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പുല്‍പ്പള്ളിയിലെ വീട്ടിമൂല തപസ്യ കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്പയുടെ വിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് വ്യാജരേഖ ചമച്ച് തങ്ങളെ വായ്പാത്തട്ടിപ്പിന് ഇരയാക്കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ എംഡിയ്ക്ക് പരാതി നല്‍കി.

തൃക്കരിപ്പൂര്‍ ചെറുകാനം ശ്രീനാരായണ സ്വയംസഹായ ഗ്രൂപ്പിന്റെ കണ്‍വീനര്‍ വനജാ ബാലകൃഷ്ണനും വായ്പാത്തട്ടിപ്പിന് ഇരയായ വിവരം കോര്‍പറേഷനെ അറിയിച്ചിരുന്നു. തങ്ങളുടെ സംഘത്തില്‍പ്പെട്ട 14 പേരില്‍ ആര്‍ക്കും ഈ വായ്പ ലഭിച്ചിട്ടില്ലെന്നും അവര്‍ കോര്‍പറേഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

എസ്എച്ച്ജിയുടെ പേരില്‍ വായ്പ കൈപ്പറ്റിയത് ഉദിനൂര്‍ സുകുമാരന്‍ എന്ന എസ്എന്‍ഡിപിയുടെ ശാഖാ ഭാരവാഹിയാണെന്നും അവര്‍ പറയുന്നു. ഈ വായ്പയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ധനലക്ഷ്മി ബാങ്ക് ചീമേനി ശാഖയില്‍ നിന്ന് 12 ശതമാനം നിരക്കിലുളള വായ്പയാണ് ഈ സംഘത്തിനു കിട്ടിയത്. തട്ടിപ്പു നടത്തിയ ശാഖാ ഭാരവാഹിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ പരാതി തന്നെയാണ് തൃക്കരിപ്പൂര്‍ വയല്‍വാരം സ്വയംസഹായ സംഘത്തിലെ ബിന്ദു കെവിയ്ക്കുമുള്ളത്. ഇവര്‍ക്കും ലഭിച്ചത് ധനലക്ഷ്മി ബാങ്കിലെ വായ്പയാണ്. പല ജില്ലകളിലും വായ്പാവിതരണം സംബന്ധിച്ച് അനേകം പരാതികള്‍ കോര്‍പറേഷനു ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വായ്പ കൈപ്പറ്റിയതായി രേഖയിലുണ്ടെങ്കിലും പല സംഘങ്ങളിലും യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്തത് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്.

250 സംഘങ്ങള്‍ക്കും രണ്ടുലക്ഷം രൂപ വീതം നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വായ്പാ അപേക്ഷ സമര്‍പ്പിച്ചത്. ജില്ല തിരിച്ച് ഈ സംഘങ്ങളുടെ പേരുവിവരവും അപേക്ഷയ്‌ക്കൊപ്പം നല്‍കിയിരുന്നു.

Top