അയര്‍ലന്‍ഡിലേക്കുള്ള നേഴ്‌സിംഗ് തട്ടിപ്പ്: സംഘം വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കിയെന്ന് സൂചന; കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതര്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നേഴ്‌സിംഗ് തട്ടിപ്പിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങള്‍ വാങ്ങി അയര്‍ലന്റിലേക്ക് നേഴ്സ്മാരെ റിക്രൂട്ട്മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്യുന്ന തട്ടിപ്പുകാര്‍ക്ക് പുറമെയാണ് വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ നല്‍കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിരിക്കുന്നത്.

കേരളത്തിലെ ഒരു മലയോര നഗരത്തിലുള്ള സ്വകാര്യ ആശുപത്രി, ബാംഗ്ലൂരിലുള്ള 4 ആശുപത്രികള്‍, ബോംബേയിലെ 2 സ്വകാര്യ ആശുപത്രി എന്നിവര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ രേഖകള്‍ പുനര്‍ പരിശുധിക്കുന്നു. അയര്‍ലന്‍ഡിലെ നഴ്സിങ്ങ് ജോലിക്കായി സമീപ കാലത്ത് എത്തിയ ഏതാനും മലയാളി നഴ്സുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണന്ന വിവരം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി 12 ലക്ഷം രൂപ വരെ മുടക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരില്‍ ചിലരെ രാജ്യത്ത് നിന്ന് മടക്കി അയച്ചിരുന്നു. എന്നാല്‍ നഴ്സിങ്ങ് അധികൃതരുടെ പുതിയ നീക്കം വ്യാജമായി സംഘടിപ്പിച്ച പ്രവര്‍ത്തി പരിചയ രേഖകള്‍ ലക്ഷ്യമാക്കിയാണന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

അയര്‍ലന്റിലേക്ക് വ്യാജ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തിയവര്‍ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളത്. ഇതു സംബന്ധിച്ച അന്വേഷണത്തിനായി ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളുടെ സേവനം നഴ്സിങ്ങ് ബോര്‍ഡ് അധികൃതര്‍ തേടിയിട്ടുള്ളതായാണ് വിവരം. അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്ളേസ്മെന്റ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്ളേസ്മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെ ഇതേ നിലയിലുള്ള സംഭവത്തില്‍ കേരളത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

നഴ്സിന്റെ അടിസ്ഥാന ജോലിയായ നഴ്സിങ്ങ് ജോലി ചെയ്യാതെചിലര്‍ ടൂട്ടര്‍ എന്ന പദവിയില്‍ വിരാജിച്ച ശേഷം അയര്‍ലന്‍ഡിലേയ്ക്ക് നഴ്സിങ്ങ് റജിസ്ട്രേഷനായി നഴ്സ് ആയി ജോലി ചെയ്തു എന്ന പ്രവര്‍ത്തി പരിചയ രേഖകള്‍ വ്യാജമായി ചമക്കുകയും ചെയ്തിട്ടുണ്ട്.ഇതിനായി ഒത്താശ ചെയ്തു ചെയ്തു കൊടുത്ത ഏജന്റുമാര്‍ പിന്നീട് ഇതു ഉപയോഗിച്ച് ഇത്തരക്കാരെ ബ്ലാക് മെയില്‍ ചെയ്തതായി ഏജന്റുമാര്‍ക്കിടയില്‍ ആരോപണം ഉണ്ട്. തങ്ങള്‍ വഴി തന്നെ അയര്‍ലന്‍ഡില്‍ എത്തുക, അല്ലെങ്കില്‍ വ്യാജ രേഖ ചമച്ചത് പുറത്ത് വിടും എന്ന ഭീക്ഷിണിയാണ് ഏജന്റുമാരി ചിലര്‍ ഉയര്‍ത്തിയത്.

ഡബ്ലിനിലുള്ള ഒരു ഏജന്റ് ഇത്തരം വ്യാജ രേഖ ചമക്കലിനായുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതരുമായി ചേര്‍ന്ന് ചെയ്തിരുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്.എന്നാല്‍ നഴ്സിങ്ങ് ബോര്‍ഡ് അധികൃതര്‍ ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ നടപടികള്‍ എടുത്തേക്കും.ഇതിന്റെ ആദ്യ പടിയായി സമീപകാലത്ത് ഇത്തരം രേഖകള്‍ നല്‍കിയെന്നു സംശയിക്കുന്നവരുമായി ബോര്‍ഡിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചേക്കും.

എന്നാല്‍ വ്യാജ രേഖകള്‍ ചമച്ചെങ്കിലും ജോലി ചെയ്യാനുള്ള കഴിവ് ഇല്ലാ എന്ന് കണ്ടെത്തിയ നിരവധി നഴുമാരെ നഴ്സിങ്ങ് ഹോമുകള്‍ ഒഴിവാക്കിയതോടെ സംഭവം വഷളായിട്ടുണ്ട്. ഇതാണ് പുതിയ നീക്കത്തിന് കാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്.

Top