ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ ഇതുവരെ 61,709 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെ മൃതദേഹം കണ്ടെടുക്കുകയും മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി ഗാസ ഭരണകൂടം അറിയിച്ചു. 15 മാസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനിടയിലാണ് പുതുക്കിയ കണക്കുകള്‍ ഗാസ ഭരണകൂടം പുറത്ത് വിട്ടത് . കാണാതായ ആയിരക്കണക്കിന് ആളുകളെയും ഇപ്പോൾ മരിച്ചതയാണ് അധികൃതർ കണക്കാക്കുന്നത്. 2024 നവംബർ 27 നും ഡിസംബർ 3 നും ഇടയിൽ 44,282 മുതൽ 44,502 വരെ മരണസംഖ്യയാണ് ഗാസ ആരോഗ്യ മന്ത്രാലയം മുമ്പ് റിപ്പോർട്ട് ചെയ്‌തത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് മെഡിക്കൽ സെൻ്ററുകളിൽ എത്തിച്ചതായി ഗാസ ഗവൺമെൻ്റ് ഇൻഫർമേഷൻ ഓഫീസ് മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, 14,222 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലോ രക്ഷാപ്രവർത്തകർക്ക് അപ്രാപ്യമായ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മരിച്ചവരിൽ 214 നവജാത ശിശുക്കൾ ഉൾപ്പെടെ 17,881 കുട്ടികളും ഉണ്ടെന്ന് ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ സംസാരിച്ച സലാമ മറൂഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023 ഒക്ടോബറിൽ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് 15 മാസത്തെ വംശഹത്യ കഴിഞ്ഞ മാസം താൽക്കാലികമായി നിർത്തിവച്ച, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് ഇടയിലാണ് പുതുക്കിയ സംഖ്യകൾ വരുന്നത്. എൻക്ലേവിലെ ആരോഗ്യ, മാനുഷിക, മാധ്യമ പ്രവർത്തകർക്ക് കനത്ത നഷ്ടം ഉണ്ടായതായും മറൂഫ് രേഖപ്പെടുത്തി. കുറഞ്ഞത് 1,155 മെഡിക്കൽ ഉദ്യോഗസ്ഥരും 205 പത്രപ്രവർത്തകരും 194 സിവിൽ ഡിഫൻസ് ജീവനക്കാരും ഇസ്രയേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തലിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. മധ്യസ്ഥരായ ഖത്തർ, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ വീണ്ടും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവർക്ക് ഇസ്രയേലിനെയും ഹമാസിനെയും ഒരു കരാറിലെത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, മാർച്ചിൽ യുദ്ധം പുനരാരംഭിക്കാനാണ് സാധ്യത. വാഷിംഗ്ടൺ ഡിസിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ കാണാൻ പദ്ധതിയിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ വെട്ടിച്ചുരുക്കി പോരാട്ടം തുടരാൻ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ സമ്മർദ്ദത്തിലാണ് ഉള്ളത്.
അതേ സമയം, ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനെ അപലപിച്ച് ഹമാസ് രംഗത്തെത്തി. പലസ്തീൻ തടവുകാരെ പീഡിപ്പിക്കുന്നത് യുദ്ധക്കുറ്റത്തിന് സമാനമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു. അടുത്തിടെ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേലി ജയിലുകളിൽ നിന്ന് മോചിതരായ പലസ്തീനികൾ കടുത്ത പീഡനങ്ങൾക്ക് ഇരയായതായി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.
മോചിതരാകുന്നതിന് തൊട്ട് മുമ്പുള്ള ദിവസം പോലും തങ്ങൾ അതി ക്രൂരമായ ആക്രമണത്തിനും കൊടിയ പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് മോചിതരായ തടവുകാർ തന്നെ പറയുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വൈദ്യസഹായങ്ങൾ നൽകാതിരിക്കുക, പട്ടിണിക്കിടുക, കുടിവെള്ളം നൽകാതിരിക്കുക തുടങ്ങിയ ക്രൂരതക്ക് അവർ ഇരയായതായി മോചിപ്പിക്കപ്പെട്ട പലസ്തീനികൾ പറഞ്ഞു. ഞങ്ങളുടെ ജനത ഇസ്രയേലി തടങ്കലിൽ നേരിട്ടതൊക്കെയും മനുഷ്യാവകാശ ലംഘനമാണ്. ഇത് യുദ്ധക്കുറ്റത്തിന് സമാനമാണ്.
ഹമാസും ഇസ്രയേലും തമ്മിലുള്ള കരാറിൻ്റെ ഭാഗമായി ശനിയാഴ്ച 183 ഫലസ്തീനികളെ ഇസ്രയേൽ ജയിലുകളിൽ നിന്ന് മോചിപ്പിചിരുന്നു. ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ പലരും അവശരും ക്ഷീണിതരുമായാണ് കാണപ്പെട്ടത്. അവരുടെ ശരീരം അവർ ഏറ്റുവാങ്ങിയ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. പലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി (പി.പി.എസ്) തടവുകാർ അനുഭവിച്ച അതിക്രമം വിവരിച്ചു. അതി ക്രൂരമായ പീഡനം, പട്ടിണി, മെഡിക്കൽ സേവനങ്ങൾ നിഷേധിക്കപ്പെടൽ, വാരിയെല്ലുകൾ വരെ ഒടിഞ്ഞ ഗുരുതരമായ മർദനങ്ങൾ തുടങ്ങിയ നിരവധി കേസുകൾ സംഘടന വിശദമായി വിവരിച്ചു.ഇസ്രയേൽ ജയിലുകളിൽ കഴിഞ്ഞ തടവുകാരിൽ നിന്ന് മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വേദനിപ്പിക്കുന്ന സാക്ഷ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഹമാസിൻ്റെ ഏറ്റവും പുതിയ പ്രസ്താവന.
തങ്ങൾ പറഞ്ഞ വിഷയങ്ങൾ അന്താരാഷ്ട്ര ബോഡികൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യാനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, ജനീവ കൺവെൻഷനുകൾ, അവരുടെ പ്രോട്ടോക്കോളുകൾ എന്നിവയിൽ പറയപ്പെടുന്ന അവകാശങ്ങൾ ഫലസ്തീനികൾക്ക് ലഭ്യമാക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും പ്രവർത്തിക്കണമെന്ന് ഹമാസ് പ്രതിരോധ സംഘടനകളോട് അഭ്യർത്ഥിച്ചു. ഈ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും അവഗണിക്കുന്ന അധിനിവേശത്തിൻ്റെ ക്രൂരത നിറഞ്ഞ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹമാസ് പറഞ്ഞു. ഞങ്ങളുടെ ജനങ്ങൾക്കെതിരെയും ജയിലുകളിലെ തടവുകാർക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന ഈ കുറ്റകൃത്യങ്ങൾ, ഞങ്ങളുടെ ഭൂമിയിൽ അധിനിവേശം നടത്തിയവരെ ഇല്ലാതാക്കാനും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ എന്നും ഹമാസ് പറഞ്ഞു.
ഗാസ വെടിനിർത്തൽ കരാർ പ്രകാരം അടുത്തിടെ മോചിപ്പിക്കപ്പെട്ട തടവുകാർക്കെതിരെ ഇസ്രയേൽ സൈന്യം കൊടിയ പീഡനങ്ങളാണ് നടത്തിയതെന്ന് ഒരു റിപ്പോർട്ടിൽ അഭിഭാഷക ഗ്രൂപ്പ് പി.പി.എസ് പറഞ്ഞു. ഇസ്രയേൽ ജയിലുകൾ ‘ജീവിക്കുന്നവരുടെ ശ്മശാനങ്ങളാണ്’ എന്ന് അടുത്തിടെ മോചിപ്പിക്കപ്പെട്ട പലസ്തീനിയായ മഹമൂദ് സമർ ജബാറിൻ പറഞ്ഞു. ശനിയാഴ്ച ഇസ്രയേലും ഹമാസും തമ്മിൽ നടന്ന ബന്ദികളുടെ കൈമാറ്റത്തിനിടെ പലസ്തീൻ ബന്ദികളോടുള്ള ഇസ്രയേലിന്റെ ക്രൂരതക്കെതിരെ രൂക്ഷ വിമർശനവുമായി ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് എത്തിയിരുന്നു.
കെറ്റ്‌സിയോട്ട് ജയിലിൽ നിന്ന് ശനിയാഴ്ച ഐ.സി.ആർ.സിയിലേക്ക് വിട്ടയച്ച പലസ്തീൻ തടവുകാരെ കൈകൾ തലയ്‌ക്ക് മുകളിൽ വെച്ച് കെട്ടി, ചങ്ങലക്കിട്ട്, ഇസ്രയേലി ചിഹ്നങ്ങൾ ധരിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. കൂടാതെ ‘ദി എന്റെർനാൽ പീപ്പിൾ നെവർ ഫോർഗെറ്റ്’ എന്നെഴുതിയ വളയവും അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. തടവുകാരോടുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തിയിൽ തങ്ങൾ അസ്വസ്ഥരാണെന്ന് ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസും വ്യക്തമാക്കിയിരുന്നു.
അതേസമയം വെടിനിര്‍ത്തലില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഹമാസിനെയും ഇസ്രയേലിനെയും കരാറിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം ആരംഭിക്കും.