ആലപ്പുഴ: കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ കലോല്‍സവ നഗറിലും പ്രതിഷേധം. ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോല്‍സവത്തിന് എത്തിയത്. ഇവര്‍ക്കെതിരെ കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തില്‍ വീണ്ടും വിധി നിര്‍ണയം നടത്തിയേക്കും. ദീപ വിധികര്‍ത്താവയതിനെതിരേ പരാതികള്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്ന് ഡിപിഐ അറിയിച്ചു. പരാതികളില്‍ എന്ത് നടപടി വേണമെന്ന് ഹയര്‍ അപ്പീല്‍ അതോറിറ്റി പരിഗണിക്കുമെന്നും ഡിപിഐ കെ.വി. മോഹന്‍ കുമാര്‍ അറിയിച്ചു.
വിഷയത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ അപ്പീല്‍ അതോറിറ്റി പുനര്‍ മൂല്യനിര്‍ണയം എന്ന തീരുമാനത്തിലേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഡിപിഐ ചെയര്‍മാനായ 13 അംഗ സമിതിയാണ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത്.
വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകും. 14 ഉപന്യാസങ്ങളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഇതിനുള്ള സമയം കൂടി കണക്കിലാക്കിയാകും തീരുമാനമെടുക്കുക.
ദീപാ നിശാന്തിനെ ഉപന്യാസ മൂല്യനിര്‍ണയത്തിലെ വിധികര്‍ത്താവാക്കിയതിനെ തുടര്‍ന്ന് കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകര്‍ മൂല്യനിര്‍ണയം നടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരേ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ദീപ നിശാന്ത് പോലീസ് സംരക്ഷണയില്‍ ഉപന്യാസത്തിന്റെ മൂല്യനിര്‍ണയം നടത്തി മടങ്ങി. പിന്നാലെ പ്രധാന വേദിക്ക് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. അവര്‍ ദീപാ നിഷാന്തിന്റെ കോലം കത്തിച്ചു.