ആർക്കും നമ്മുടെ നഗ്നത പകർത്തിയെടുക്കാം. അത് ആർക്കും കൈമാറി നമ്മെ ബ്ലാക് മെയിൽ ചെയ്യാം.. കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷവിമർശനവുമായി ദീപ നിശാന്ത്

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചതിനെതിരെ സിനിമാ–സാംസ്കാരിക രംഗത്തുള്ള നിരവധി പേർ രംഗത്തെത്തി. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നാണ് നാടക നടനും സംവിധായകനുമായ ദീപന്‍ ശിവരാമന്റെ ആവശ്യം.

‘പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയില്‍ കിടക്കുന്ന ഒരാള്‍ക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയായി. സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അവര്‍ക്കില്ല. കേരളത്തിലെ നാടക കൂട്ടായ്മയോട് കെ.പി.എ.സി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു’- ദീപന്‍ ശിവരാമന്‍ കുറിച്ചു.ദീപന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സജിത തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ്. ‘ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം’ സജിത ഫെയ്സ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംസ്കാരിക പ്രവർത്തക ദീപ നിശാന്തിന്റെ കുറിപ്പ് :

കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് ‘കഥ തുടരും’ എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.’ അറിയപ്പെടാത്ത അടൂർഭാസി’ എന്ന പേരിൽ. അടൂർഭാസി എന്ന നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൻ്റെ അങ്ങേത്തലയാണ് ആ അദ്ധ്യായം.ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ്:
“അടൂർഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്….
ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ട് പറയുകയാണ്:
” ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.. “
എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം…deepa-lalitha-dih
അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!….
വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല….
എന്നെ ഏതെല്ലാം തരത്തിൽ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു.എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. പറ്റിയില്ലെങ്കിൽ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എൻ്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തു വേണമെങ്കിലും ചെയ്യും.അക്കാലങ്ങളിൽ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ ..
ഓരോ ഷോട്ടിലും അതിൽ വേണ്ടാത്തതൊക്കെ അയാൾ കാണിക്കും. എല്ലാം എന്നെ ദ്രോഹിക്കാൻ.. ഡയറക്ടർ എന്തു പറയാനാണ്.. അയാൾ വാഴുന്ന കാലമല്ലേ? ഇപ്പോഴും ചില സൂപ്പർ താരങ്ങളെയൊക്കെ നിലയ്ക്ക് നിർത്താൻ സംവിധായകർക്ക് കഴിയില്ല.”
[കഥ തുടരും..]
സിനിമയിൽ എല്ലാ കാലത്തും സ്ത്രീകൾ അനുഭവിച്ചിരുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് സ്വന്തം അനുഭവത്തിലൂടെ കെ.പി.എ.സി.ലളിത വിരൽ ചൂണ്ടുന്നത്. സിനിമ എപ്പോഴും പുരുഷൻ്റെ കൈയിലായിരുന്നു. ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു അതിൻ്റെ രൂപകൽപ്പന. കെ.പി.എ.സി.ലളിതയേയും ഉർവശിയേയും മഞ്ജുവാര്യരേയും പോലുള്ള അപാര അഭിനയശേഷിയുള്ള നടികൾക്കു മാത്രമേ അപൂർവ്വമായെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് തങ്ങളൊരു കാഴ്ചവസ്തു മാത്രമല്ലെന്ന് തെളിയിച്ച് സിനിമയിൽ പകരം വെക്കാനില്ലാത്ത സ്വന്തം ഇടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിവാഹമോചനം നേടി തിരികെ സ്വന്തം തൊഴിലിടത്തിലേക്കു വന്ന മഞ്ജുവാര്യർ മലയാളികൾക്കത്ഭുതമാകുന്നതും അവരെ അമിതമായി ആഘോഷിക്കുന്നതും നിന്ദിക്കുന്നതുമെല്ലാം സിനിമയിലും ജീവിതത്തിലും സ്ത്രീകൾക്കു നേരെയുള്ള ചില പൊതുബോധങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്..katha kpac
ഉടുതുണിയില്ലാതെ ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കിയ അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാൾ നമ്മെ ചിരിപ്പിച്ചിരുന്നു… ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു… വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂർഭാസി ജീവിച്ചിരിപ്പില്ല. അയാൾ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാൻ അയാൾക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല..
ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അവർ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂർ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയിൽ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയർത്തതിനെപ്പറ്റിയും അഭിമാനപൂർവ്വം അവരെഴുതിയിട്ടുണ്ട്. “ഉമ്മുക്ക ചലച്ചിത്രപരിഷത്തിൻ്റെ പ്രസിഡണ്ടാണെന്ന് ഓർക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് ” എന്ന് ഉമ്മറിൻ്റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയിൽ കെ.പി.എ.സി.ലളിതയെ വായിച്ചത്.

“സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേർക്ക് ഒരു ചൂഷണോമില്യാ ” എന്ന വള്ളുവനാടൻമൊഴി അവര് പറയുമ്പോൾ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്..കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എം.എൽ.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്… അതാണ് ചോദ്യം ചെയ്യപ്പെടുന്നതും..
കഥ തുടരട്ടെ!
വിരാമതിലകം :-
[ കെ.പി.എ.സി.ലളിതയുടെ വ്യക്തി ബന്ധങ്ങളെയോ അവരുടെ വൈകാരിക പ്രകടനങ്ങളെയോ ചോദ്യം ചെയ്യാനുള്ള അധികാരം എനിക്കില്ല. അതിനല്ല ശ്രമിച്ചിട്ടുള്ളതും. ഒരു ജനതയെ സ്വാധീനിക്കും വിധം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പക്ഷപാതപരമായി ഇടപെടുന്നത് കാണുമ്പോഴാണ് വിഷമം. ഇപ്പുറത്ത് ഒരു പെൺകുട്ടിയുണ്ട്.ഇതേ ഇൻഡസ്ട്രിയുടെ ഭാഗമാണ് അവളും. അവൾക്കായി ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപ് സിനിമാ മേഖലയിലുള്ളവർ ഒരു ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു എന്നതിനപ്പുറം ഒരു വൈകാരിക പിന്തുണയും നൽകിയതായി അറിവില്ല. [അന്വേഷിച്ച് ബോധ്യപ്പെട്ട കാര്യമാണ്]. നേരെ മറിച്ച് അവൾക്കൊപ്പം നിന്നവരെ അവഹേളിക്കുന്ന സമീപനമാണ് പലരിൽ നിന്നും ഉണ്ടായത്. അവൾ ഇൻ്റർവ്യൂവിൽ പ്രത്യക്ഷപ്പെട്ട് ആത്മാഭിമാനത്തോടെ സംസാരിക്കുന്നതും തൊഴിലെടുക്കുന്നതും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതുമെല്ലാം വലിയ കുറ്റകൃത്യമാണ് ചിലർക്ക്. നമ്മുടെ സോകോൾഡ് പീഡനക്കേസുകളിലെ പെൺകുട്ടിയുടെ ഭാവഹാവാദികളല്ല അവൾക്ക്. ഇരയായി മാളത്തിലൊളിക്കാതെ, സ്വന്തം പേരും മുഖവും മേൽവിലാസവും വെച്ച് നിയമപരമായി തനിക്കേറ്റ അപമാനത്തിനെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കും വിധം പെരുമാറുമ്പോൾ ഒന്നോർത്താൽ മതി. അവളുടെ സ്ഥാനത്ത് നാളെ നമ്മളാരുമാകാം. അവൾ പരാജയപ്പെട്ടാൽ കുറേ പെൺകുട്ടികൾ പരാജയപ്പെടും. ഒരു പരാതി കൊടുക്കാൻ പോലും തയ്യാറാവാത്തവിധം മൗനത്തിൻ്റെ മറയിലൊളിക്കും. തൊഴിലിടത്തിൽ നിന്നു മടങ്ങുമ്പോൾ ആർക്കും തളളിത്തുറന്ന് കയറാവുന്നത്ര ഉറപ്പേ നമ്മുടെ അടച്ചിട്ട വാതിലുകൾക്കുള്ളൂ. ആർക്കും നമ്മുടെ നഗ്നത പകർത്തിയെടുക്കാം. അത് ആർക്കും കൈമാറി നമ്മെ ബ്ലാക് മെയിൽ ചെയ്യാം..
ഒരു പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച വിഷയം ചർച്ച ചെയ്യുമ്പോൾ അതിനെ ന്യൂനോക്തികൾ കൊണ്ട് തകർക്കരുത്..]

Top