വായുമലിനീകരണം അതിരൂക്ഷമാവുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഇനി സ്വകാര്യവാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ളവ നിരത്തിലിറങ്ങുന്നതു നിര്‍ത്തുമെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇ.പി.സി.എ.) അറിയിച്ചു. പൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു.
ഡല്‍ഹിയിലെ വായുമലിനീകരണം മോശമാകാതിരിക്കുമെന്നു പ്രതീക്ഷിക്കാമെന്നും എന്നാല്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണെങ്കില്‍ പൊതുഗതാഗത സംവിധാനം ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ട്.
11,000 ബസുകള്‍ വേണ്ടിടത്ത് 5,429 എണ്ണമാണ് ഇപ്പോഴുള്ളത്. നഗരത്തിലുള്ള 464 റൂട്ടുകളില്‍ 230 റൂട്ടുകളില്‍ മാത്രമാണ് ഒന്നുമുതല്‍ അഞ്ചുവരെ എണ്ണം ബസുകള്‍ ഓടുന്നത്. നവംബര്‍ ഒന്നുമുതല്‍ 10 വരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക, ഇഷ്ടികച്ചൂളകളുടെയും ഡീസല്‍ ഉപയോഗിച്ചുള്ള ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തുക, മാലിന്യം കത്തിക്കാതിരിക്കുക എന്നിവ സുപ്രീംകോടതി നിയമിച്ച ഇ.പി.സി.എ. ശുപാര്‍ശ ചെയ്തിരുന്നു.