ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയും ഒരു മകളും രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടത്തുത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീ പിടിച്ചത്.
കാറില്‍ തീ പടര്‍ന്നയുടന്‍ ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മൂന്നു വയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് പുറത്തുചാടി. പിന്‍സീറ്റിലുണ്ടായിരുന്ന അഞ്ജനയെയും മക്കളെയും ഡോറിന്റെ ചില്ലു പൊട്ടിച്ച് ഉപേന്ദര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. മരിച്ച മൂന്നുപേരുടെയും മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞുപോയി. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍ നിന്ന് ചെറിയ തീപ്പൊരി വന്നത് ഉപേന്ദറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കാര്‍ നിര്‍ത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പു തന്നെ പിന്നില്‍ നിന്നു തീപടരുകയായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഭാര്യയെയും മക്കളെയും രക്ഷിക്കാന്‍ ഉപേന്ദര്‍ അലറി വിളിച്ചെങ്കിലും തിരക്കുള്ള റോഡില്‍ ഒരാളു പോലും വണ്ടി നിര്‍ത്തി രക്ഷയ്‌ക്കെത്തിയില്ല. ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.