ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചരിക്കുകയാണ്. കേജ്രിവാളിന് വലിയ മുൻതൂക്കം പ്രവചിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിവാദ പ്രസ്താവനകളും വർഗ്ഗീയ പരാമർശങ്ങളുമായി കളം നിറയാനാണ് ബിജെപി ശ്രമം നടത്തിയത്. എന്നാൽ ഈ തന്ത്രത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ നൽകിയിരിക്കുന്നത്.
പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും പാര്‍ലമെൻ്റ് അംഗം പര്‍വേഷ് വര്‍മക്കെതിരേയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. അടിയന്തരമായി നിര്‍ദേശം നടപ്പിലാക്കാന്‍ ബിജെപി നേതൃത്വത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശനത്തിനാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഠാക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഈ പരാമര്‍ശത്തിന് പിന്നാലെയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ പര്‍വേഷ് വര്‍മയുടെ വിവാദ പരാമര്‍ശം വന്നത്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു ഡല്‍ഹിയിലെ വോട്ടര്‍മാരോടായി പര്‍വേഷ് വര്‍മ പറഞ്ഞത്. ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹീന്‍ബാഗ് തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനുരാഗ് ഠാക്കൂറിനും പര്‍വേഷ് വര്‍മക്കും പുറമെ മറ്റൊരു ബിജെപി നേതാവിനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. സ്ഥാനാര്‍ഥികൂടിയായ കപില്‍ മിശ്രക്ക് 48 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.