ബിജെപി കുത്തക തകർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷനില്‍ ആം ആദ്മിക്ക് വമ്പൻ ഭൂരിപക്ഷം ! കോൺഗ്രസ് തകർന്നടിഞ്ഞു

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബി ജെ പിയില്‍ നിന്നും പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ് എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരത്തിലേക്ക് നടന്നു കയറുന്നത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ദയനീയ പരാജയം നുകര്‍ന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.

ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്‍റെ ഈ വിജയം. ബിജെപി 104 സീറ്റിലും വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻ്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും. കെജ്രിവാളിൻ്റെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്ര സർക്കാരിന് കീഴിലാക്കിയത് അതിനാലാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്.

സാമ്പത്തിക ക്രമക്കേട് കേസിൽ ജയില്‍ കഴിയുന്ന സത്യേന്ദർ ജയിനിൻ്റെ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കിയിരുന്നു. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷമുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്ക് ഉണ്ട് എന്ന സന്ദേശം നല്‍കുന്നു. ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞാൽ കെജ്രിവാളിന് രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കി നീങ്ങാം. തകർന്നടിയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ദില്ലിയിൽ ഒരു മുഖം ഇല്ലാത്തതും തലസ്ഥാനത്തെ സംഘടന വിഷയങ്ങളും എംസിഡി ഭരണത്തിനെതിരായ വികാരവും തോല്‍വിക്ക് കാരണമായി.

എന്നാൽ മധ്യവർഗ്ഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്രനേതാക്കൾക്കും സന്ദേശമാണ്. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിയാൻ കാരണമായി. ഒരിക്കൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ് ചില പോക്കറ്റുകളിൽ ഒഴികെ തകർന്നടിയുകയാണ്. തദ്ദേശഭരണ സ്ഥാപനത്തിലേക്കുള്ള മത്സരം എങ്കിലും ദേശീയ രാഷ്ട്രീയത്തിന് കൂടി ചില സൂചനകൾ നല്‍കുന്നതാണ് ദില്ലിയിലെ ഈ ഫലം.

Top