ഡല്‍ഹി: സുഹൃത്തായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി നിഖില്‍ ചൗഹാനാണ് (19) മരിച്ചത്. സമപ്രായക്കാരായ രാഹുല്‍, ഹാറൂണ്‍ എന്നിവരാണ് നിഖിലിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുന്‍പ് ഓപണ്‍ ലേണിങ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി നിഖിലിന്റെ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇത് നിഖില്‍ ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് പ്രതി നിഖിലിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നിഖില്‍ ചൗഹാന്‍. ബിന്ദാപുര്‍ സ്വദേശിയായ പ്രതി രാഹുല്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. രാഹുലിന്റെ സുഹൃത്തും ജാനക്പുരി സ്വദേശിയുമാണ് ഹാറൂണ്‍.
ഞായറാഴ്ച ഉച്ചയോടെ പ്രതിയും മൂന്നു സുഹൃത്തുക്കളുമെത്തി, ആര്യഭട്ട കോളജിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന നിഖിലിന്റെ നെഞ്ചില്‍ കത്തി കുത്തിക്കയറ്റി. നിരവധി തവണ കുത്തേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നിഖിലിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.