ദില്ലി: 2015ൽ 67 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന അരവിന്ദ് കെജ്‍രിവാൾ ഭരണത്തിന്റ തുടക്കത്തിൽ കേന്ദ്ര സർക്കാരുമായി നിരന്തരം കലഹത്തിലായിരുന്നു. കേന്ദ്രത്തിനെതിരെ അദ്ദേഹം നടുറോഡിൽ നിരാഹാരമിരുന്നു. രാഷ്ട്രീയ പക്വത ഇല്ലാത്ത നേതാവെന്ന് ബി.ജെ.പി കളിയാക്കി. പാർട്ടിയിലെ സ്ഥാപക നേതാക്കളിൽ പലരും കെജ്‍രിവാൾ ഏകാധിപതിയെന്ന് ആരോപിച്ചു പാർട്ടി വിട്ടു. അപ്പോഴും അണികളെ പിടിച്ചു നിർത്താൻ കെജ്‍രിവാളിനായി. ക്ഷേമരാഷ്ട്രീയം മുന്നിൽ വെച്ച് സാധാരണക്കാരെയും ദരിദ്രരെയും ആകർഷിക്കാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ വിജയത്തിന് കാരണം.
എന്നാൽ 1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ദില്ലിയില്‍ നാമാവശേഷമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രകടനം അതി ദയനീയമാണ്. പല എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും പോലെ ദില്ലിയില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദില്ലി നിയമസഭയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതെ പോവുന്നത്. 2015 ലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ദില്ലിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി കൈവിട്ടുവെന്നു വേണം പറയാന്‍.
സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റില്‍ 66 ഇടത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ശേഷിക്കുന്ന നാല് സീറ്റുകള്‍ സഖ്യകക്ഷിയായ ആര്‍ജെഡിക്ക് വിട്ടുകൊടുക്കുകയായിരുന്നു. പ്രചാരണ ഘട്ടത്തില്‍ തന്നെ ദില്ലിയില്‍ കോണ്‍ഗ്രസിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ പ്രചാരണങ്ങളില്‍ സജീവമായതുമില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തവണ ദില്ലിയില്‍ കോണ്‍ഗ്രസിന് യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളും അത് വ്യക്തമാക്കി. അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനം കോണ്‍ഗ്രസ് നടത്തുമെന്നായിരുന്നു കീര്‍ത്തി ആസാദ് ഉള്‍പ്പടേയുള്ള നേതാക്കളുടെ അവകാശ വാദം.
എന്നാല്‍ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ദില്ലിയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബെല്ലിമാരണ്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ലീഡ് നിലയില്‍ അല്‍പനേരത്തേക്കെങ്കിലും മുന്നില്‍ എത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹാരൂണ്‍ യൂസഫ് ആയിരുന്നു ബെല്ലിമാരണ്‍ മണ്ഡലത്തില്‍ തുടക്കത്തില്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ ഇമ്രാന്‍ യുസഫ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തിരിച്ച് പിടിക്കുകയും ചെയ്തു.
മത്സരിച്ച 66 മണ്ഡലങ്ങളില്‍ 63 ഇടത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായത്. സഖ്യത്തില്‍ ആര്‍ജെഡി മത്സരിച്ച 4 ല്‍ മൂന്ന് സീറ്റിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ആകെ 70 ല്‍ മത്സരിച്ച 67 സീറ്റിലും കെട്ടിവച്ച പണം തിരികെ പിടിക്കാനുള്ള വോട്ടുപോലും കോണ്‍ഗ്രസ് സഖ്യത്തിന് ജനം നല്‍കിയില്ല.
അതിനിടെ കോണ്‍ഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം വിട്ടു വീഴ്ച്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെടിഎസ് തുള്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്‍റെ വിജയമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.